കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ബൈക്ക് റാലിയുമായി സ്ത്രീകള്‍. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. സ്ത്രീശാക്തീകരണവും സമൂഹ ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് നടത്തിയ റാലി കൂത്താട്ടുകുളം ബസ് സ്റ്റേഷന് സമീപത്തു നിന്നാണ് ആരംഭിച്ചത്.
കേരളത്തിലെ പ്രശസ്ത വനിത ബൈക്ക് ട്രെയിനറും ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകയുമായ സോണിയ ഗ്രേഷ്യസും സംഘാംഗങ്ങളായ ഷീന റോയ്, എ.കെ. ശ്രീജ, നിമ്മി, കാവ്യ തുടങ്ങി മുപ്പതോളം പേര് റാലിയില്‍ പങ്കെടുത്തു.
വനിതകള്‍ക്ക് ബൈക്ക് പരിശീലനവും റോഡ് സുരക്ഷാ ബോധവത്കരണവും നല്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ സ്ത്രീകളെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രചോദിപ്പിക്കുന്ന വ്യക്തിത്വമായാണ് അറിയപ്പെടുന്നത്.
സാമൂഹ്യ പ്രവര്‍ത്തക ഡോ. മറിയ ഉമ്മന്‍ ആണ് റാലി ഫ്ളാഗ് ഓഫ് ചെയ്തത്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റി ചെയര്മാന് റെജി ജോണ്‍ പ്ലാത്തോട്ടത്തില്‍, വൈസ് ചെയര്‍പേഴ്സണ്‍ ലിസി ജോസ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വൈസ് പ്രസിഡന്റ് ഡിന്‍സി ജോജി എന്നിവര്‍ മുഖ്യാതിഥികളായി.