അഗളി: അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി നടപ്പാക്കുന്ന പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കമായി. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനം കോട്ടത്തറ എടിടിഎസ്എച്ച്, പുതൂര്‍ എഫ്എച്ച്സി, ഷോളയൂര്‍ എഫ്എച്ച്സി എന്നിവിടങ്ങളിലായി നടന്നു. പോഷകാഹാരക്കുറവുള്ള ഗര്‍ഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകവഴി നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതിലക്ഷ്യം. ആരോഗ്യവകുപ്പ്, ഐസിഡിഎസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, കൂടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോട്ടത്തറ എടിടിഎസ്എച്ചില് നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അലന് അഗളി മേഖലയിലേക്കുള്ള ഭക്ഷണം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസി ആനന്ദ്, എച്ച്എംസി അംഗം സെന്തില്‍ കുമാര്‍, ബിഎംഒ ഡോ. രേഷ്മ, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അമ്പിളി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുബൈറ, വിദ്യശ്രീ, എന്‍ആര്‍സി ന്യൂട്രീഷനിസ്റ്റ് മുര്‍ഷിദ്, സോഷ്യല്‍ വര്‍ക്കര്‍ ടോണി, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. ഷിജിന് ജോണ്‍ ആളൂര്‍ എന്നിവര്‍ പങ്കെടുത്തു. പുതൂര്‍ എഫ്എച്ച്സിയില്‍ നടന്ന ചടങ്ങില്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേല്‍ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഷോളയൂര്‍ എഫ്എച്ച്സിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര പദ്ധതിയുടെ ഉദ്ഘാടനവും വാഹനം ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.