മുണ്ടക്കയം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും മുണ്ടക്കയം കോസ്വേ പാലത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും തടികളും നീക്കം ചെയ്തു.
തടികളും മാലിന്യങ്ങളും പാലത്തിൽ അടിഞ്ഞുകൂടി നിന്നാൽ പാലങ്ങൾക്കു ബലക്ഷയത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തിൽ ഇവ നീക്കം ചെയ്തത്. പാലങ്ങളിൽ വന്നടിഞ്ഞ വലിയ മരക്കഷണങ്ങൾ ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ തടിക്കഷണങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നാൽ, പാലത്തിൽ തങ്ങിനിന്നിരുന്ന വലിയ മരക്കഷണങ്ങളാണ് ഇന്നലെ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തത്.