ന്യൂഡൽഹി: ഇന്ത്യയിലെ സാധാരണക്കാർ നേരിടുന്ന കടുത്ത വേതന വിവേചനവും കുറഞ്ഞ വരുമാനവും രാജ്യത്തെ സാമ്പത്തിക അസമത്വത്തെ എത്രത്തോളം രൂക്ഷമാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ചർച്ചയായി മാറുകയാണ്. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകൾ ഉൾപ്പെടെ വൻ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ, രാജ്യത്തെ ബഹുഭൂരിപക്ഷം അധ്വാനിക്കുന്ന ജനവിഭാഗത്തെ ദാരിദ്ര്യത്തിലേക്കും തുച്ഛമായ വരുമാനത്തിലേക്കും തള്ളിവിടുന്ന സാമ്പത്തിക നയങ്ങളാണ് ഇവിടെ തുടരുന്നതെന്നാണ് ലേഖനത്തിൽ പ്രധാനമായും ചർച്ചയാകുന്നത്.
നഗര-ഗ്രാമജീവിതാവസ്ഥയെക്കുറിച്ചു ലേഖനത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ഒരു സാധാരണ ഇന്ത്യൻ കുടുംബം തങ്ങളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം ഭക്ഷണത്തിനായി നീക്കിയ്ക്കുന്നു. നിലവാരമുള്ള ജീവിതം നയിക്കാൻ ഒരു കുടുംബത്തിന് പ്രതിമാസം കുറഞ്ഞത് 60,000 രൂപയെങ്കിലും വരുമാനം വേണമെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ 95 ശതമാനം ജനങ്ങൾക്കും ഇത്രയും തുക പ്രതിമാസം വരുമാനമില്ലാത്തതിനാൽ ആരോഗ്യകരമായ ഭക്ഷണവും ജീവിതനിലവാരവും അപ്രാപ്യമാണ്.
ആഡംബരങ്ങളും സൗകര്യങ്ങളും ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനത്തെയും കർഷകരുടെ നഷ്ടത്തെയും ചൂഷണം ചെയ്തുകൊണ്ട് കെട്ടിപ്പൊക്കിയതാണെന്ന കയ്പേറിയ യാഥാർഥ്യമാണ് ഇതു കാണിക്കുന്നത്. തൊഴിലാളികൾക്കു മാന്യമായ വേതനം ഉറപ്പാക്കാൻ നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്കു സാധിക്കുന്നില്ല.
ന്യൂയോർക്കിലെയും ഡൽഹിയിലെയും ശുചീകരണ തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും വരുമാനം താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യയിലെ വേതനത്തിന്റെ ദയനീയ അവസ്ഥ ലേഖനം തുറന്നുകാണിക്കുന്നു. ന്യൂയോർക്കിൽ തുടക്കക്കാരനായ മുനിസിപ്പൽ ശുചീകരണ തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 3.5 ലക്ഷം രൂപയാണ് (3700 ഡോളർ). ആറു വർഷത്തിനുള്ളിൽ ഇത് 6.4 ലക്ഷം രൂപയായി വർധിക്കും. എന്നാൽ ഡൽഹിയിലെ ഒരു കരാർ തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് വെറും 18,500 രൂപ മാത്രമാണ്. സർക്കാർ സർവീസിലുള്ളവർക്ക് പരമാവധി 30,000 രൂപ മാത്രമാണു ലഭിക്കുക. അതായത്, ന്യൂയോർക്കിലെ ഒരു ശുചീകരണ തൊഴിലാളിക്കു രണ്ടു ദിവസം കൊണ്ട് ലഭിക്കുന്ന വരുമാനം നേടാൻ ഡൽഹിയിലെ കരാർ തൊഴിലാളിക്ക് ഒരു മാസം മുഴുവൻ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
സാധാരണക്കാരുടേതു വെറും അതിജീവനം മാത്രമാണെന്നും അന്തസില്ലാത്ത ജീവിതമാണെന്നും ലേഖനം പറയുന്നു. രാജ്യത്തെ പാവപ്പെട്ടവർക്ക് കഞ്ഞി കുടിച്ചു കഴിയാൻ ആവശ്യമായ വരുമാനം മാത്രമാണു ഭൂരിഭാഗത്തിനുമുള്ളത്. സ്വന്തമായ വീടില്ലാത്തവരാണെങ്കിൽ വാടകയിനത്തിലും മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടിവരും. അതായത്, മൂന്നു നേരം കഴിച്ചില്ലെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, മാന്യമായ പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് അന്തസുള്ള ജീവിതം നയിക്കുക എന്നത് ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ച് അങ്ങേയറ്റം ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു, അല്ലെങ്കിൽ സ്വപ്നമായി അവശേഷിക്കുന്നു.
തൊഴിലാളികളുടെ കുറഞ്ഞ വേതനത്തെക്കുറിച്ച് രാഷ്ട്രീയ ചർച്ചകളിലോ മുഖ്യധാരാ സാമ്പത്തിക വിശകലനങ്ങളിലോ ആരും സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ജിഡിപി വളർച്ചയെക്കുറിച്ചും വൻകിട വികസനങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും, രാജ്യത്തിന്റെ അടിത്തറയായ സാധാരണക്കാരായ തൊഴിലാളിവർഗത്തെ വെറും നാമമാത്രമായ വേതനത്തിൽ തളച്ചിടുന്ന വിവേചനപരമായ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയിലുള്ളതെന്ന് ലേഖനം അടിവരയിടുന്നു.