കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കോര്‍പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ കൊച്ചി മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റി വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ പാത നിര്‍മാണം, സ്റ്റേഷനുകളുടെ നിര്‍മാണം, ഇലക്ട്രിക്കല്‍, ലിഫ്റ്റ്, എസ്കലേറ്റര്‍, റെയില്‍, സിഗ്നലിംഗ്, ടെലി കമ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍(എഎഫ്സി) സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. പാലാരിവട്ടം, പടമുഗള്‍ എന്നീ സ്റ്റേഷനുകളിലെ വലത് വശത്തെ(ആര്‍എച്ച്എസ്) സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.
ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ സ്റ്റേഷനുകളിലും സെമി നെയിമിംഗിലൂടെ വരുമാനം വര്‍ധിപ്പിക്കും. രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിക്കുവാനും മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശിച്ചു. മെട്രോയില്‍ നിലവില്‍ ഒഴിവുള്ള പ്രധാന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്കി. തിരുവനന്തപുരം ശ്രീകാര്യം ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.
കടമക്കുടി, പാലിയംതുരുത്ത് വാട്ടര്‍ മെട്രോ സ്റ്റേഷനുകള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. പ്രോജക്ട്സ്, ഫിനാന്‍സ്, എച്ച്ആര്‍, എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്സ്, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്, സിഗ്നലിംഗ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍(എഎഫ്സി), അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട്, ഐടി, പ്രൊമോഷന്, സസ്റ്റൈനബിലിറ്റി തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), വിവിധ ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.