ചെറുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ലോകം നേരിട്ടറിയാൻ പൊന്നംവയൽ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളും അധ്യാപകരും സമീപത്തുള്ള ചാത്തൻപാറ ഇ. കൃഷ്ണപിള്ള വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു.
വായനശാലയിലെത്തിയ കുരുന്നുകളെയും അധ്യാപകരെയും വായനശാല അധികൃതർ സ്വീകരിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതികളെക്കുറിച്ചും വായനശാല സെക്രട്ടറി സങ്കേഷ് കുമാർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക വായന സമയവും ഒരുക്കി.
ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണിനും കംപ്യൂട്ടറുകൾക്കും പിന്നാലെ പോകുമ്പോൾ വായനയുടെ പ്രാധാന്യം കുറഞ്ഞുപോകരുതെന്ന് സ്കൂൾ മുഖ്യാധ്യാപകൻ കുട്ടികളെ ഓർമിപ്പിച്ചു.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ. മനോജ് കുമാർ കുട്ടികളുമായി വായനാനുഭവങ്ങൾ പങ്കുവച്ചു. എം. ദിവ്യ, ദീപ ഗോപിനാഥൻ, സി.പി. നയന, എ. നിഖില, പി. രാജേഷ്. ടി. സുകന്യ, കെ. നീതു എന്നിവർ പ്രസംഗിച്ചു.