തിരുവനന്തപുരം: പുതിയ സർക്കാരിന്‍റെ ശൈലികൾ ആശങ്ക ഉണ്ടാക്കുന്നതെന്ന് കഴക്കൂട്ടം എംഎൽഎയും ബിജെപി നേതാവുമായ വി. മുരളീധരൻ. മുസ്‌ലിം ലീഗിന്‍റെ പിടിവാശികൾക്ക് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ രണ്ടാമൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മൂന്നാമനാക്കിയതിലൂടെ നൽകുന്ന സന്ദേശം വളരെ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
21 അംഗ മന്ത്രിസഭയിൽ 12 പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. ന്യൂനപക്ഷത്തെ പരിഗണിക്കുമ്പോൾ ഭൂരിപക്ഷത്തെ അവഗണിക്കരുത്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന വി.ഡി. സതീശൻ ബിഷപ് ഹൗസിൽ പോവുകയും ജമാ അത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുന്നു.
എൻഎസ്എസ്-എസ്എൻഡിപി നേതൃത്വങ്ങളോട് മാത്രമാണോ മുഖ്യമന്ത്രിക്ക് അവമതിപ്പെന്നും വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ശബരിമല നാമജപപ്രതിഷേധത്തിലെ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.