തൃശൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ. രാജൻ. ഇത്തരം നടപടികൾ ആർക്കും ഗുണം ചെയ്യില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുകയാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും പ്ലാൻ ചെയ്ത് തയാറാക്കിയ ഒന്നായി ഇതിനെ കാണേണ്ടതില്ല. പ്രാദേശികമായ എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് അവിടെത്തന്നെ തീരേണ്ടതാണ്. ഇത്തരം കാര്യങ്ങളെ പർവതീകരിക്കേണ്ട സാഹചര്യമില്ലെന്നും ആരുടെയെങ്കിലും പ്രത്യേക നിലപാടോ ഇടപെടലോ ഇതിലുണ്ടെന്ന് വിശ്വസിക്കുന്നില്ല. എതിരഭിപ്രായങ്ങളോട് മുഖം ചുളിക്കുന്നതോ ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതോ ശരിയല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
ആറന്മുള ഇലക്ട്രോണിക് സിറ്റി പദ്ധതിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഭൂമി സംബന്ധിച്ച ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പദ്ധതിയിൽ എതിർപ്പുണ്ടായിരുന്നത്. അക്കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്നും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.