കണ്ണൂര്‍: പ്രത്യക്ഷത്തിൽ ഹൈന്ദവ ആത്മീയതയുടെ വഴിയെന്ന് തോന്നുന്ന വരികളിലൂടെ ചിലർക്കു നേരേ ഒളിയന്പെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി.
കർമഫലങ്ങളും കർമയുടെ സവിശേഷതകളും ചൂണ്ടിക്കാട്ടിയുള്ള വരികളിലൂടെയാണ് വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പലർക്കു നേരെയും വിനോദിനിയുടെ വിമർശനം. കർമയ്ക്ക് ഒരിക്കലും വഴിതെറ്റില്ലെന്നും എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അതു കണക്ക് ചോദിക്കുമെന്നും നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമം കൃത്യമായി കണക്കു ചോദിക്കുകയെന്നും സ്റ്റാറ്റസിൽ പറയുന്നു.
നീ ചെയ്ത മൗനവേദനകളും നിശബ്ദ ദ്രോഹങ്ങളും എല്ലാം "കര്‍മ’ക്ക് ഓര്‍മയുണ്ട്. "ഞാന്‍ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തില്‍ യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്’’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്, സ്നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടം ബലികഴിച്ച് ആകരുതെന്നും കുറിപ്പിൽ പറയുന്നു.
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് പാർട്ടി വേണ്ടത്ര ആദരം നൽകിയില്ലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായിക്ക് വിദേശത്തേക്ക് പോകണ്ട സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ സംസ്കാരം പെട്ടെന്ന് നടത്തിയേതെന്നായിരുന്നു ആരോപണം.