ബംഗളൂരു: യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നൽകില്ലെന്ന് സർക്കാർ. വീടിന് ഓരോരുത്തരും അഞ്ചു ലക്ഷം രൂപ വീതം നൽകണം. 11.2 ലക്ഷം രൂപയുടെ വീടാണ് നൽകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ജനുവരി ഒന്നിന് വീട് കൈമാറും. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും.
നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കൈയേറ്റം ആരോപിച്ച് നിരവധി വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്.
ഗ്രേറ്റർ ബംഗളൂരു അഥോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പോലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.