മംഗലംഡാം: മംഗലംഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചംഗ യുവാക്കളുടെ സംഘത്തിലെ 17 കാരൻ വെള്ളച്ചാട്ടത്തിനടുത്തെ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.തൃശൂർ കാളത്തോട് ചക്കാലത്തറ അത്തിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ അക്മലാണ് (17) മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഫോട്ടോയെടുക്കാൻ പാറക്കെട്ടിൽ കയറിയപ്പോൾ തെന്നി കയത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കുത്തായ പാറയിലിറങ്ങി കൂട്ടുകാരിലൊരാൾ അക്മലിന്റെ കൈപിടിച്ച് നിന്നെങ്കിലും കൈവിട്ടു പോയി. പേടിച്ച യുവാക്കൾ സമീപവാസികളായ ദിനേഷ്, മനയിൽ സണ്ണി, സജീവൻ തുടങ്ങിയവരോട് വിവരം പറഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മംഗലംഡാം പോലീസും വടക്കഞ്ചേരിയിൽ നിന്നുള്ള അഗ്നിശമന രക്ഷാസേനയും തെരച്ചിലിനുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് കളമശേരിയിൽ ട്രെയിനിയായി കയറിയ അക്മൽ ശനിയാഴ്ച വൈകീട്ടാണ് വീട്ടിൽ വന്നത്. ഇതിനിടെയാണ് കൂട്ടുകാരുമായുള്ള ട്രിപ്പ് ക്രമീകരിച്ചത്. ഇന്നു രാവിലെ കളമശേരിയിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുപോയി വൈകീട്ട് കാളത്തോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അമ്മ: മാജിന. സഹോദരങ്ങൾ: ഫർഹാന ഫിദ.