കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അതുല്യ ചന്ദ്ര, നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിന്‍ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. തങ്ങള്‍ ഡോക്ടറെ മര്‍ദിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയാനായി വിളിച്ചു വരുത്തുകയാണ് ചെയ്തതെന്നുമാണ് അപേക്ഷയില്‍ പറഞ്ഞത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നും ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇത് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോ.ജോണ്സണ് കെ.വര്‍ഗീസിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
നടി അതുല്യ ചന്ദ്രയുടെ അടുത്ത ബന്ധുവായ അമ്പതുകാരി നല്കിയ പരാതിയിലാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്. ഡോക്ടറുടെ ഫോണില്‍ നിന്നും 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.