കണ്ണൂർ: കണ്ണൂർ അഴീക്കോട് പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.
യുവതി മുന്പ് ജീവനൊടുക്കാൻ ശ്രമിച്ചതായി തങ്ങൾക്ക് അറിയില്ലെന്നാണ് ആസിഫിന്റെ മാതാപിതാക്കൾ മൊഴി നൽകിയിട്ടുള്ളത്. കൂടാതെ, ആസിഫ് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചും വിവരമില്ലെന്ന് ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ മാതാപിതാക്കളുടെ മൊഴിയിൽ എന്തെങ്കിലും വൈരുധ്യമുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
റിസ മുന്പ് ചികിത്സ തേടിയിരുന്ന ആശുപത്രികൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആസിഫിനെതിരെ ആത്മഹത്യാ പ്രേരണ, ഭർതൃപീഡനം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തുകയായിരുന്നു.