രാവിലെ എഴുന്നേറ്റ് ചായ കുടിച്ച്, ദോശയ്ക്ക് ചമ്മന്തി അരച്ച്, ഉച്ചയ്ക്ക് കറി വെച്ച്... ഒരു സാധാരണ മലയാളി വീട്ടിലെ ഒരു ദിവസം.പക്ഷേ ആ കറിയിൽ, ആ ചമ്മന്തിയിൽ നമ്മൾ അറിയാതെ ചേർക്കുന്നത് വിഷം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?വിശ്വസിക്കണം. വിശ്വസിച്ചേ മതിയാവൂ!
കാക്കനാട് ലാബിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്
എറണാകുളം കാക്കനാട്ടെ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടന്ന പരിശോധനയിലാണ് മലയാളിയെ ഞെട്ടിച്ച കണ്ടെത്തൽ.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ഈ നാല് ജില്ലകളിൽ നിന്ന് ശേഖരിച്ച കറിപ്പൊടികളിലും, വെളിച്ചെണ്ണയിലും മാരക കീടനാശിനികൾ കണ്ടെത്തി.
2021 മുതൽ 2026 ഒക്ടോബർ വരെ നടന്ന പരിശോധനയിലാണ് ഇത് തെളിഞ്ഞത്.കണ്ടെത്തിയത് സാധാരണ വിഷമല്ല -എഥിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈറിഫോസ് .ഇവ നമ്മുടെ ശരീരത്തിൽ ചെന്ന് കരളിനെയും, വൃക്കയെയും, നാഡീവ്യവസ്ഥയെയും സാവധാനം തകർക്കും. കുട്ടികളുടെ വളർച്ചയെ പോലും ബാധിക്കും. ദിവസവും, അൽപാൽപമായി നമ്മൾ കഴിക്കുന്ന സ്ലോ പൊയ്സൺ.
വിഷമുണ്ട്, പക്ഷേ ആരുടെ പാക്കറ്റിൽ?
ഇവിടെയാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ്.വിഷമുണ്ടെന്ന് ലാബ് പറയുന്നു. പക്ഷെ ഏത് ബ്രാൻഡിലാണ് വിഷമെന്ന് ലാബ് പറയുന്നില്ല."സാമ്പിളുകൾ മാസ്ക് ചെയ്താണ് വരുന്നത്, അതുകൊണ്ട് ബ്രാൻഡ് അറിയില്ല" എന്നാണ് അവരുടെ മറുപടി.പക്ഷേ ഇതേ ലാബ് 2024 ൽ വിവരാവകാശ രേഖയിൽ പ്രമുഖ ബ്രാൻഡുകളുടെ പേരുകൾ കൃത്യമായി പുറത്തുവിട്ടിരുന്നു. അന്ന് മലയാളികൾ സ്ഥിരം വാങ്ങുന്ന ബ്രാൻഡുകൾ തന്നെയായിരുന്നു ആ പട്ടികയിൽ.
അന്ന് പറയാൻ പറ്റിയ പേര്, ഇന്ന് പറയാൻ പറ്റാത്തത് എന്തുകൊണ്ട്? ആരെയാണ് ഭയക്കുന്നത്? ആർക്കുവേണ്ടിയാണ് ഈ മൗനം?
സാധാരണക്കാരന് പരിശോധിക്കാൻ പോലും പറ്റില്ല. നമുക്ക് സംശയം തോന്നുന്ന കറിപ്പൊടി ഒന്ന് പരിശോധിക്കണം എന്ന് വിചാരിച്ചാൽ പോലും ഇപ്പോൾ നടക്കില്ല.കാരണം ഫീസ് കേട്ടാൽ ഞെട്ടും.നേരത്തെ 2,124 രൂപ ആയിരുന്നു പരിശോധനാ ഫീസ്. ഇപ്പോൾ വെളിച്ചെണ്ണയ്ക്ക് 10,000 രൂപ, കറിപ്പൊടിക്ക് 12,000 രൂപ!
എന്തിനാണ് ഈ വർധന? ജനങ്ങളെ പരിശോധനയിൽ നിന്ന് അകറ്റാൻ ആണോ? മായം ചേർക്കുന്നവരെ രക്ഷിക്കാൻ ആണോ?ചോദ്യം ബാക്കി നിൽക്കുന്നു.നമ്മൾ കാശ് കൊടുത്ത് വാങ്ങുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പ് തരേണ്ടത് ആരാണ്?വിഷമുണ്ടെന്ന് കണ്ടെത്തിയിട്ടും പേര് മറച്ചുവെക്കുന്നത് ആരുടെ താൽപ്പര്യമാണ്?
നമ്മുടെ അടുക്കള സുരക്ഷിതമാകാൻ, ആദ്യം വേണ്ടത് സത്യമാണ്. ഏത് ബ്രാൻഡിൽ വിഷമുണ്ട് എന്ന സത്യം.അത് പുറത്തുവരുന്നതുവരെ, ഓരോ മലയാളിയുടെ മനസ്സിലും ഈ ഭയം ബാക്കിയാകും -" ഇന്ന് ഞാൻ കഴിച്ച ഭക്ഷണത്തിൽ വിഷമുണ്ടായിരുന്നോ?"