Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : special women

ജാതിയില്ല, മതമില്ല - ഈ ഒരു വരി എഴുതി കിട്ടാൻ ഒമ്പത് വർഷം!

 

 

സ്കൂളിൽ ചേർക്കുമ്പോഴും, ജോലിക്ക് അപേക്ഷിക്കുമ്പോഴും, പരീക്ഷ എഴുതുമ്പോഴും നമ്മൾ എല്ലാവരും നേരിടുന്ന രണ്ട് കോളങ്ങളാണ് ജാതിയും മതവും.ആ രണ്ട് കോളങ്ങളും ജീവിതത്തിൽ ഒരിക്കൽ പോലും പൂരിപിക്കാത്ത, പൂരിപിക്കാൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീയുണ്ട് - തമിഴ്നാട് തിരുപ്പത്തൂർ സ്വദേശിനിയായ അഭിഭാഷക എം.എ. സ്നേഹ.

ജാതിയും മതവുമില്ലെന്ന് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയാണ് സ്നേഹ.
തുടക്കം വീട്ടിൽ നിന്ന്

സ്നേഹയുടെ ഈ യാത്ര തുടങ്ങുന്നത് അവരുടെ മാതാപിതാക്കളിൽ നിന്നാണ്. അച്ഛൻ പി.വി. ആനന്ദകൃഷ്ണനും അമ്മ മണിമൊഴിയും അഭിഭാഷകരായിരുന്നു.അവർ തങ്ങളുടെ മൂന്ന് മക്കളുടെയും ജനന സർട്ടിഫിക്കറ്റിലും, സ്കൂൾ രേഖകളിലും ജാതിയുടെയും മതത്തിന്‍റെയും കോളം ഒഴിച്ചിട്ടു. മക്കൾക്ക് പേരിട്ടതിലും ഇതേ ചിന്ത തന്നെ - സ്നേഹയുടെ സഹോദരിമാർക്ക് മുംതാസ് സൂര്യ, ജെന്നിഫർ എന്ന് പേരിട്ടു.

സ്നേഹയും ,ഭർത്താവും തമിഴ് പ്രൊഫസറുമായ കെ. പാർത്ഥിബരാജയും തങ്ങളുടെ മൂന്ന് മക്കൾക്ക് നൽകിയ പേരുകളും ഇങ്ങനെയാണ് - ആദിരൈ നസ്രീൻ, ആദില ഐറിൻ, ആരിഫ ജെസ്സി. വ്യത്യസ്ത മതങ്ങളുടെ പേരുകൾ ഒരുമിച്ച് ചേർത്ത പേരുകൾ.

സ്കൂളിൽ സുഹൃത്തുക്കൾ "നിന്‍റെ ജാതി എന്താണ്?" എന്ന് ചോദിക്കുമ്പോൾ സ്നേഹയുടെ മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ - "എനിക്ക് ജാതിയില്ല, മതവുമില്ല."ഒമ്പത് വർഷം നീണ്ട പോരാട്ടം.പ്രശ്നം വന്നത് വലുതായപ്പോഴാണ്. ജുഡീഷ്യൽ പരീക്ഷയ്ക്കും, നോട്ടറി സ്ഥാനത്തിനും അപേക്ഷിച്ചപ്പോൾ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായി. "എനിക്ക് ജാതിയില്ല" എന്ന് എഴുതിയാൽ പോരാ, അത് തെളിയിക്കാൻ ഒരു സർക്കാർ രേഖ വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അങ്ങനെയാണ് സ്നേഹ 2010 ൽ ആദ്യമായി "No Caste, No Religion" സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.

ഉദ്യോഗസ്ഥരുടെ മറുപടി ഇതായിരുന്നു - "ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കൊടുത്തതിന് മുമ്പ് ഉദാഹരണമില്ല, നിയമത്തിൽ വ്യവസ്ഥയില്ല."പക്ഷേ സ്നേഹ ഒരു ചോദ്യം ചോദിച്ചു - "ഒരാൾക്ക് ജാതിയുണ്ടെന്ന് സർക്കാരിന് സർട്ടിഫിക്കറ്റ് കൊടുക്കാമെങ്കിൽ, ഒരാൾക്ക് ജാതിയില്ലെന്ന് സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റില്ലേ?"ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ ഒന്പത് വർഷം വേണ്ടിവന്നു.

ഒടുവിൽ 2019 ഫെബ്രുവരി അഞ്ചിന് തിരുപ്പത്തൂർ തഹസിൽദാർ ടി.എസ്. സത്യമൂർത്തി സ്നേഹയ്ക്ക് സർട്ടിഫിക്കറ്റ് നൽകി. അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു - "ഇവർ യാതൊരു ജാതിയിലും മതത്തിലും പെടുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു."

സ്നേഹ പറയുന്നത്, ഇത് ആനുകൂല്യം വാങ്ങാനോ, ആരെയെങ്കിലും എതിർക്കാനോ അല്ല എന്നാണ്. താൻ ജീവിച്ച ജീവിതം തന്നെയാണ് രേഖയിലും വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്.സ്നേഹയ്ക്ക് ശേഷം 30-35 പേർ ഇതേ രീതിയിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025 ൽ മദ്രാസ് ഹൈക്കോടതി പോലും ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ സംവിധാനം വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

വിവാദവും ചർച്ചയും
ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. സ്നേഹയെ പിന്തുണയ്ക്കുന്നവർ പറയുന്നത്, ഇത് വ്യക്തിസ്വാതന്ത്ര്യവും ഭരണഘടന നൽകുന്ന അവകാശവുമാണ് എന്നാണ്. നടൻ കമൽഹാസൻ അടക്കം സ്നേഹയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.മറുവശത്ത്, ജാതി സർട്ടിഫിക്കറ്റ് സംവരണം പോലുള്ള ആനുകൂല്യങ്ങൾക്ക് ആവശ്യമാണെന്നും, ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്നും ചിലർ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ, സ്നേഹ തന്നെ പറയുന്നത്, താൻ സംവരണത്തിന് എതിരല്ല, ആർക്കും ആനുകൂല്യം നിഷേധിക്കാനും ആഗ്രഹിക്കുന്നില്ല എന്നാണ്.

ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തിരിക്കുന്ന ഒരു രാജ്യത്ത്, "ഞാൻ വെറും ഇന്ത്യക്കാരിയാണ്" എന്ന് പറഞ്ഞ് ഒരു സർട്ടിഫിക്കറ്റ് വാങ്ങിയ സ്ത്രീയാണ് സ്നേഹ.

Latest News

Corehub Up