22 വയസ്സ്. ഈ പ്രായത്തിൽ പെൺകുട്ടികൾ സാധാരണ സ്വപ്നം കാണുന്നത് ജോലിയെക്കുറിച്ചും പഠനത്തെകുറിച്ചുമൊക്കെയായിരിക്കും.എന്നാൽ കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ദേവിക രതീഷിന് സ്വപ്നം വേറെയായിരുന്നു.
ട്രക്കിന്റെ സ്റ്റിയറിങ് പിടിച്ച് ഇന്ത്യ മുഴുവൻ ചുറ്റണം. അമ്മയ്ക്കൊപ്പം.ആ സ്വപ്നം ഇപ്പോൾ ചരിത്രമായിരിക്കുകയാണ്. അമ്മ ജലജ രതീഷിനൊപ്പം, കോട്ടയത്തുനിന്ന് ജമ്മു കശ്മീരിലെ പൂഞ്ചിലേക്ക് 35 ദിവസം നീണ്ട സാഹസിക യാത്ര നടത്തി ദേവിക ചരിത്രം കുറിച്ചു.ഇത് വെറുമൊരു യാത്രയല്ല ഈ യാത്രയ്ക്ക് പിന്നിൽ വലിയൊരു സന്ദേശമുണ്ട് - സമാധാനവും സാമുദായിക സൗഹാർദ്ദവും.
കേരളത്തിൽ നിന്ന് പൂഞ്ചിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായാണ് അമ്മയും മകളും യാത്ര തിരിച്ചത്.ട്രക്കിന്റെ സ്റ്റിയറിങ്ങിലൂടെ സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറുന്ന ദേവികയുടെ കഥ, നിശ്ചയദാർഢ്യമുള്ള മനസ്സിന് മുന്നിൽ തടസ്സങ്ങൾക്കൊന്നും വലിയ സ്ഥാനമില്ലെന്ന സന്ദേശമാണ് നൽകുന്നത്.
പുത്തേട്ട് കുടുംബം - ട്രക്കിലെ പെൺകരുത്ത്
ദേവികയുടെ കഥ ഒറ്റപ്പെട്ട ഒന്നല്ല. കോട്ടയം ഏറ്റുമാനൂരിലെ പുത്തേട്ട് കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് ഇന്ത്യൻ റോഡുകളിലെ താരങ്ങൾ ! അമ്മ ജലജ, മകൾ ദേവിക, ജലജയുടെ സഹോദരന്റെ ഭാര്യ സൂര്യ.19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജയാണ് ഈ കുടുംബത്തിലെ ആദ്യ ഡ്രൈവർ. ഭർത്താവ് രതീഷ് ലോറി ഡ്രൈവറായിരുന്നു. ഭർത്താവ് പറഞ്ഞ കഥകൾ കേട്ട് കാഴ്ചകൾ കാണാൻ മോഹിച്ച ജലജ, "എങ്കിൽ ലോറി ഓടിക്കാൻ പഠിക്കൂ, എന്നിട്ട് പോകാം" എന്ന ഭർത്താവിന്റെ വെല്ലുവിളി ഏറ്റെടുത്തു. 2018 ൽ ഹെവി ലൈസൻസ് എടുത്തു.ഇന്ന് ജലജ 22 സംസ്ഥാനങ്ങളും ,കേന്ദ്രഭരണ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും അടക്കം ട്രക്ക് ഓടിച്ച് പിന്നിട്ടു. ബംഗാൾ പൊലീസ് ജലജയ്ക്ക് നൽകിയ പേരാണ് 'സിലിഗുരി ദീദി'.
അമ്മയുടെ വഴി പിന്തുടർന്നാണ് ദേവികയും ഡ്രൈവറായത്. 20-ാം വയസ്സിൽ തന്നെ ഹെവി ലൈസൻസ് എടുത്ത ദേവിക, കോളേജിൽ ആരും അറിയാതെ ട്രക്ക് ഓടിച്ചിരുന്ന പെൺകുട്ടിയാണ്. അച്ഛൻ വണ്ടി ഓടിക്കുന്നത് കണ്ടാണ് തനിക്ക് ഈ ഇഷ്ടം വന്നതെന്ന് ദേവിക പറയുന്നു.
പുത്തേട്ട് ട്രാവൽസിന്റെ മോഡിഫൈ ചെയ്ത എക്സ്-ആർമി സ്റ്റാലിയൻ 4x4 ട്രക്കിലാണ് ഈ യാത്ര. കേരളത്തിൽ നിന്ന് പുറപ്പെട്ട് പല സംസ്ഥാനങ്ങൾ പിന്നിട്ട് പൂഞ്ചിൽ എത്തി.വഴിയിൽ കള്ളന്മാരുടെ ശല്യം, ടോയിലറ്റ് പ്രശ്നം, ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രാത്രി താമസം എല്ലാം ഇവർ നേരിട്ടു. പക്ഷേ ഒന്നും ഇവരെ പിന്തിരിപ്പിച്ചില്ല.രാത്രിയിൽ ദേവിക വണ്ടി ഓടിക്കുമ്പോൾ അമ്മ വിശ്രമിക്കും, പകൽ അമ്മ ഓടിക്കുമ്പോൾ ദേവിക വിശ്രമിക്കും. അങ്ങനെ മാറി മാറി വണ്ടി ഓടിച്ചാണ് 35 ദിവസം പിന്നിട്ടത്.
സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
അമ്മയും മകളും ഒന്നിച്ച് നടത്തിയ 35 ദിവസത്തെ ഈ സാഹസിക യാത്രയ്ക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദനങ്ങൾ ഏറുകയാണ്. "പെൺകുട്ടികൾക്ക് ഒന്നും അസാധ്യമല്ല" എന്ന് പറഞ്ഞ് നിരവധി പേരാണ് ദേവികയെയും ജലജയെയും അഭിനന്ദിക്കുന്നത്.പുത്തേട്ട് ട്രാവൽ വ്ലോഗിലൂടെ ഇവരുടെ യാത്രകൾ ലക്ഷക്കണക്കിന് പേരാണ് കാണുന്നത്.
ദേവിക പറയുന്നു:"വീട്ടിൽ അടച്ചിരുന്നാൽ ലോകം കാണാൻ പറ്റില്ല. പുറത്തിറങ്ങിയേ പറ്റൂ. അച്ഛൻ വണ്ടി ഓടിക്കുന്നത് കണ്ടാണ് എനിക്കും ഈ ഇഷ്ടം വന്നത്. പേടിയൊന്നുമില്ല. സ്ത്രീകൾക്ക് എന്തും ചെയ്യാൻ പറ്റും."22-ാം വയസ്സിൽ ട്രക്കിന്റെ വളയം പിടിച്ച് ദേവിക കാണിച്ചു തരുന്നത്, സ്വപ്നം കാണാൻ പ്രായമോ ലിംഗമോ ഒരു തടസ്സമല്ല എന്നാണ്. അമ്മയുടെ കൈ പിടിച്ച്, സ്റ്റിയറിങ് പിടിച്ച്, അവൾ ഇന്ത്യയെ തന്നെ കീഴടക്കുകയാണ്.