ഞാൻ പ്ലസ് ടു പഠനം കഴിഞ്ഞ് രണ്ടു വർഷത്തെ ഐടി ഐ പ്രോഗ്രാം പൂർത്തിയാക്കി. ഇപ്പോൾ ഡിസൈനിംഗ്/ ഡ്രസ് മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഷോർട്ട് ടൈം പ്രോഗ്രാം കേരളത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് ഈ വിധമുള്ള പ്രോഗ്രാം ഉണ്ടെന്നറിയുന്നു. അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ നടത്തുന്ന പ്രോഗ്രാമുകളും മറ്റുകാര്യങ്ങളും?
നിഷ കുമാരി, നെല്ലിക്കുഴി, കോതമംഗലം.
വസ്ത്ര നിർമാണ രംഗത്ത്, വസ്ത്ര നിർമാണത്തിലെ ഫാഷൻ ഡിസൈൻ രംഗവുമായി ബന്ധപ്പെട്ട് മികവുറ്റ ഷോർട്ട് ടൈം പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്ന പഠന പരിശീലന കേന്ദ്രങ്ങൾ കേരളത്തിൽ കുറവാണ്.
എന്നാൽ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിലിന്റെ പരിശീലന വിഭാഗമായ എടിഡിസിയുടെ പരിശീലന സെന്ററുകളിലൂടെ ഗുണനിലവാരമുള്ള വസ്ത്ര ഡിസൈൻ, വസ്ത്ര നിർമാണം എന്നിവ പഠിപ്പിക്കുന്ന ഹ്രസ്വകാല പ്രോഗ്രാമുണ്ട്.
ഒരു വർഷക്കാലം മാത്രം പഠന ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകളാണ് എടിഡിസി സെന്ററുകൾ വഴി നൽകുന്നത്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇത്തരം എടിഡിസി സെന്ററുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി കേരളത്തിൽ രണ്ടു സെന്ററുകൾ പ്രവർത്തിക്കുന്നു. ഒന്ന് കണ്ണൂരിലും മറ്റൊന്ന് തിരുവനന്തപുരത്തും.
ഈ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് വിജയിച്ചിട്ടുണ്ടാകണം.
പ്രവേശനം ലഭിച്ചാൽ ഒരു വർഷത്തെ ട്യൂഷൻ ഫീസായി 95,000 രൂപ കൊടുക്കേണ്ടതുണ്ട്. ഈ തുക ഒന്നിച്ചടയ്ക്കാതെ രണ്ട് ഗഡുക്കളായി കൊടുക്കുന്നതിന് സെന്റർ അനുവദിക്കുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച രണ്ട് സെന്ററുകളിലും രണ്ടു പ്രോഗ്രാമുകളാണ് നടക്കുന്നത്. 1) അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി. 2) ഫാഷൻ ഡിസൈൻ ടെക്നോളജി.
അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി
വസ്ത്ര നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽനിന്ന് വസ്ത്രങ്ങൾ നിർമിക്കുന്നത് മുതൽ മാർക്കറ്റിൽ വിറ്റഴിക്കുന്നതുവരെയുള്ള വസ്ത്ര നിർമാണ വ്യവസായത്തിലെ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ കണ്ടെന്റുകൾ ഉൾപ്പെടുത്തിയിട്ടുള്ള സ്കീമും സിലബസും ആണ് പ്രോഗ്രാമിന്റേത്. ഒരു വർഷമാണ് പരിശീലനകാലവാധി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കണ്ട്രോളർ, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് അസിസ്റ്റന്റ് എന്നിവയാണ് ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്കുള്ള തൊഴിൽ മേഖലകൾ.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ തയ്യൽ ടീച്ചർ തസ്തികയിലേക്ക് ഈ യോഗ്യത നേടിയിട്ടുള്ളവരെ കൂടി പരിഗണിക്കും.
ഫാഷൻ ഡിസൈൻ ടെക്നോളജി
ഫാഷൻ ഡിസൈനിലെ പ്രായോഗിക പരിശീലനം ഈ കോഴ്സിൽ നല്കുന്നു. പ്രധാനമായും എംബ്രോയിഡറി, നീഡിൽ ക്രാഫ്റ്റ് എന്നിവയിൽ കൂടുതൽ ഉൗന്നൽ ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഈ പ്രോഗ്രാം പൂർത്തീകരിക്കുന്നവർക്ക് പ്രധാനമായും തുറക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഫാഷൻ മർച്ചന്‍ഡൈസർ, പാറ്റേണ്‍ മേക്കർ തുടങ്ങിയ ജോബ് റോളുകളാണ്.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഈ പ്രോഗ്രാമുകളിലേക്ക് വർഷത്തിൽ രണ്ട് വട്ടം പ്രവേശനം നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ വർഷവും ജനുവരിയിലും മേയിലും ആയിരിക്കും പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നതും തുടർന്ന് ക്ലാസുകൾ ആരംഭിക്കുന്നതും.
പ്രോഗ്രാം പൂർത്തീകരിക്കുന്നവർക്ക് ഇന്റേണ്‍ഷിപ് നൽകുന്നതിനുള്ള അവസരവും മന്ത്രാലയം പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.atdcindia .co.in സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions