കാലിക്കട്ട് സർവകലാശാലയുടെ 2025 - 2026 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് അന്നേദിവസം സർവകലാശാല കാമ്പസിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് പരിപാടികൾ നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവെച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനവും സമയക്രമവും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 പിഎച്ച്ഡി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രഫ. സി.ഡി. രവികുമാറിന് കീഴിൽ രണ്ട് ഒഴിവാണുള്ളത്. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.

 സീറ്റൊഴിവ്

കാലിക്കട്ട് സർവകലാശാലയുടെ വടകര സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്‌സി (എഐ) പ്രോഗ്രാമുകളിൽ എസ്‌സി / എസ്ടി സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 28ന് രാവിലെ പത്തിന് സെന്‍ററിൽ ഹാജരാകണം. എസ്‌സി / എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.

 അധ്യാപക നിയമനം

കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്‌സി (എഐ) പ്രോഗ്രാമുകളുടെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലട്രോണിക്‌സ് വിഷയങ്ങൾക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.

 പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബിഎസ്‌സി, ബിസിഎ (സിയുസിബിസിഎസ്എസ്) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ ഇംഗ്ലീഷ് (സിബിസിഎസ്എസ് - 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

രണ്ടാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 210 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 27 മുതൽ ലഭ്യമാകും.

 പരീക്ഷാഫലം

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.