ഞാൻ പ്ലസ് ടു വിദ്യാർഥിയാണ്. ബിരുദ പഠനത്തിനുശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറാകണമെന്നാണ് ആഗ്രഹം. കേരള സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമി ഏതെങ്കിലും ഫൗണ്ടേഷൻ പ്രോഗ്രാമുകൾ വേനൽ അവധിക്കാലത്ത് നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എവിടെയാണ്?
ശ്രീലക്ഷ്മി കെ.ആർ., പത്തനംതിട്ട.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡ്യുക്കേഷന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2026 ഏപ്രിൽ മാസത്തിൽ തുടങ്ങത്തക്ക വിധം വിദ്യാർഥികൾക്കായി സിവിൽ സർവീസ് ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം, ഫൗണ്ടേഷൻ പ്രോഗ്രാം എന്നിവ ആരംഭിക്കുന്നുണ്ട്.
ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് എന്ന പേരിലും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്ന പേരിലും രണ്ട് വിഭാഗമായാണ് പ്രോഗ്രാമുകൾ നടത്തുന്നത്. ഇതിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവീസ് പഠനത്തിലേക്ക് ആപ്റ്റിട്യൂഡ് ഉണ്ടാക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന പ്രോഗ്രാമാണ്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി താഴെ കൊടുക്കുന്ന സെന്ററുകളില്ലാണ് ഈ പ്രോഗ്രാമുകൾ നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, എറണാകുളം ജില്ലയിലെ ആലുവ, തൃശൂർ ജില്ലയിലെ ആളൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ പൊന്നാനി, കണ്ണൂർ ജില്ലയിലെ കല്യാശേരി, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഈ അവധിക്കാല പ്രോഗ്രാമുകൾ നടക്കുന്നത്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നൽകിയിട്ടുള്ള പത്രക്കുറിപ്പ് പ്രകാരം 2026 ഏപ്രിൽ മാസം ആറാം തീയതി ക്ലാസ് തുടങ്ങും. kscss. org വഴി താത്പര്യമുള്ളവർക്ക് പ്രോഗ്രാമിൽ ചേരുന്നതിലേക്കായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 - 2313065, 8281098863, 82810988861 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions