വില പിടിച്ച വസ്തുക്കള്‍ അബദ്ധത്തിലെങ്ങാനും തട്ടിയിട്ടാല്‍തന്നെ പിന്നെ പരിഭ്രമിക്കുന്നവരാണല്ലൊ നമ്മളൊക്കെ. എന്നാല്‍ ലാപ്ടോപ്പുകള്‍ നിരനിരയായി തള്ളിയിട്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യാനയിലുള്ള ഒരു കമ്പനിയിലെ ജീവനക്കാര്‍.

ടെക്നോളജി റീസൈക്ലേഴ്സ് എന്ന കമ്പനിയിലെ ജീവനക്കാരാണ് 2,910 ലാപ്ടോപ്പുകള്‍ ഡൊമിനോ ഫാഷന്‍ എന്ന പ്രത്യേക രീതിയില്‍ നിരത്തിവച്ച ശേഷം ഒന്നിന് പുറകെ ഒന്നായി വീഴ്ത്തിയത്.

മുമ്പ് 520 ലാപ്ടോപ്പുകള്‍ ഇത്തരത്തില്‍ വീഴ്ത്തിയതായിരുന്നു ഗിന്നസ് റിക്കാര്‍ഡ് ബുക്കിലിടം നേടിയ പ്രകടനം. എന്നാല്‍ 752 ലാപ്ടോപ്പുകള്‍ ഇത്തരത്തില്‍ തള്ളിയിട്ട അനൗദ്യോഗിക റിക്കാര്‍ഡും ഉള്ളതായി വാര്‍ത്തകളുണ്ട്.

ആറു മാസത്തോളമുള്ള തയാറെടുപ്പുകള്‍ക്കൊടുവിലാണ് ടെക്നോളജി റീസൈക്ലേഴ്സ് ഈ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.