ബിസ്കറ്റ് അടിച്ചുമാറ്റാൻ ഏതറ്റം വരെയും പോകും! വൈറലായി കുരുന്നിന്റെ വീഡിയോ
Monday, March 1, 2021 12:51 PM IST
മിക്ക വീടുകളിലും കുട്ടികൾ എപ്പോഴുമെടുത്ത് ഭക്ഷിക്കാതിരിക്കാൻ പലഹാരങ്ങളും മറ്റും ഒളിച്ചുവെയ്ക്കാറുണ്ട്. അവർക്ക് പെട്ടെന്ന് എടുക്കാൻ പറ്റാത്തത്ര ഉയരത്തിലോ, അവർ പെട്ടെന്ന് കണ്ടു പിടിക്കാത്ത ഇടങ്ങളിലൊക്കെയോ ആയിരിക്കും ഇത് ഒളിപ്പിച്ചു വെയ്ക്കുന്നത്.
ഒളിപ്പിച്ചുവെച്ചവരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ അത് കൈക്കലാക്കുന്നതും സാധാരണമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിക്കുറുന്പിയാണ് വൈറൽ. ഫ്രിഡ്ജിനു മുകളിൽ സൂക്ഷിച്ചിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് അതിസാഹസികമായി എടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ടിക് ടോക്കിലൂടെയാണ് ആദ്യം പുറത്തു വന്നത്. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാണ്.
ബിസ്ക്കറ്റ് കവർ ഫ്രിഡ്ജിനു മുകളിലുണ്ടെന്ന് അറിഞ്ഞതോടെ കുഞ്ഞ് നിഷപ്രയാസം ഫ്രിഡ്ജിനു മുകളിലൂടെ വലിഞ്ഞു കയറി, ബിസ്ക്കറ്റ് കൈക്കലാക്കി. കേറിയതിനേക്കാൾ വേഗത്തിൽ താഴെയും ഇറങ്ങി.
എന്തായാലും ആളുകൾ കൗതുകത്തോടെയാണ് വീഡിയോ കാണുന്നതും കമന്റ് ചെയ്യുന്നതും. ഇങ്ങനെയുള്ള സംഭവങ്ങളിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.