ബസ് മുതൽ ട്രാക്ടർ വരെ! അനന്തുവിന്റെ കരവിരുതിൽ വിരിയുന്നത് ഒറിജനലിനെപ്പോലും വെല്ലുന്നവ
Monday, June 28, 2021 4:39 PM IST
പത്താം ക്ലാസുകാരൻ അനന്തുവിന്റെ കൈവിരുതിലും ഭാവനയിലും നിർമിക്കപ്പെടുന്ന കുഞ്ഞൻ വാഹനങ്ങൾക്ക് പ്രിയമേറെ.
ടൂറിസ്റ്റ് ബസുകൾ, ട്രാക്ടർ, കൊയ്ത്ത് യന്ത്രം, ഹൗസ് ബോട്ടുകൾ തുടങ്ങിയ അനന്തുവിന്റെ കലാസൃഷ്ടികൾ ഒറിജിനലുകളെ പോലും വെല്ലുന്നവയാണ്. സാധരണ മിനിയേച്ചറുകൾ നിർമിക്കുന്നവർ രൂപ സാദൃശ്യത്തിനു മാത്രം പ്രധാന്യം നൽകുന്പോൾ തന്റെ സൃഷ്ടികൾ പൂർണതയിലെത്തണമെന്ന വാശിയാണ് അനന്തുവിനെ വ്യത്യസ്തനാക്കുന്നത്.
കുഞ്ഞൻ വാഹനങ്ങൾക്കുള്ളിൽ എൻജിനുൾപ്പെടെ എല്ലാ അനുബന്ധ സാമഗ്രികളും അനന്തു സജ്ജീകരിച്ചിട്ടുണ്ട്. ബാറ്ററിയിൽ ചലിക്കുകയും റിമോട്ടിനാൽ നിയന്ത്രിക്കുകയും ചെയ്യുന്ന വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പോലും ഒരുക്കിയിട്ടുണ്ട്. അനന്തു നിർമിച്ച തങ്ങളുടെ ബസുകളുടെ മാതൃക കണ്ടു അത്ഭുതപ്പെട്ട ബസുടമകൾ അവ സ്വന്തമാക്കിയ സംഭവങ്ങൾ ഏറെയാണ്. അനന്തുവിന്റെ നിർമിതികളിൽ ഏറ്റവും ശ്രദ്ധേയമായത് ട്രാക്ടറും കൊയ്ത്ത് യന്ത്രവുമാണ്.
പാടശേഖരത്തിനു സമീപത്തെ വാസവും അച്ഛനു സ്വന്തമായി ട്രാക്ടറുള്ളതുമാണ് ഇവ രണ്ടും ഭംഗിയായി നിർമിക്കാൻ അനന്തുവിനു പ്രേരണയായത്. ഫോം ഷീറ്റ് ഉപയോഗിച്ച് നിർമിക്കുന്ന വാഹനങ്ങൾക്ക് നിറം നൽകുന്നതും ചിത്രപ്പണികൾ നടത്തുന്നതും എല്ലാം ചിത്രരചനയിൽ വാസനയുള്ള അനന്തു തന്നെയാണ്.
കുടുംബത്തിന്റെ പരിപൂർണ പിന്തുണയും അനന്തുവിനു ലഭിക്കുന്നുണ്ട്. കുമരകം എസ്കഐം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അനന്തു കൈപ്പുഴമുട്ട് പുത്തൻ പറന്പിൽ ഷനോജിന്റെയും പരേതയായ രജനിയുടെയും പുത്രനാണ്.