വയോധികനെ രക്ഷിച്ച "ഹെയ്ംലിച്ച് മാന്യുവര്‍' പ്രയോഗം; പ്രഥമ ശുശ്രൂഷ പഠിച്ച പതിനാറുകാരന്‍ വൈറല്‍
Saturday, September 9, 2023 2:11 PM IST
വെബ് ഡെസ്ക്
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിക്കുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും ഞെട്ടലോടെ കേള്‍ക്കാറുണ്ട്. ഈ പ്രശ്നത്തിൽപെട്ട് ആർക്കെങ്കിലും ശ്വാസംമുട്ടുന്ന സാഹചര്യമുണ്ടായാൽ എന്ത് ചെയ്യണമെന്ന് മിക്കവര്‍ക്കും അറിയുകയുമില്ല. എന്നാല്‍ ഇത്തരമൊരു സാഹചര്യം വളരെ വിദഗ്ധമായി കൈകാര്യം ചെയ്ത് പതിനാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയിരിക്കുകയാണ്.

ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് എന്ന പേജില്‍ ഒരാഴ്ച മുന്‍പ് പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിദേശത്തുള്ള ഒരു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണിത്. ഒരു വയോധികന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസംമുട്ടിയത് മൂലം എഴുന്നേറ്റ് നില്‍ക്കുകയുമാണ്.

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്‍റെയടുത്തേക്ക് അവിടെ കള്‍നറി ഇന്‍റേണിയായി ജോലി ചെയ്യുന്ന പതിനാറുകാരന്‍ ഓടിയെത്തുകയും പുറത്ത് തട്ടുകയും ചെയ്യുന്നു. എന്നിട്ടും ഫലമില്ലെന്ന് കണ്ടുടന്‍ വയോധികന്‍റെ ഇടുപ്പിന് മുകള്‍ വശത്ത് വയറിനോട് ചേര്‍ന്നു വരുന്ന ഭാഗത്ത് കൈകൊണ്ട് അമര്‍ത്തുന്നു. നിശ്ചിത ഇടവേളയില്‍ ഇങ്ങനെ ചെയ്തയുടന്‍ വയോധികന് കൃത്യമായി ശ്വാസം എടുക്കാന്‍ സാധിക്കുന്നു.

ഇദ്ദേഹത്തിന്‍റെ തൊണ്ടയില്‍ നിന്നും ഭക്ഷണ അംശം നീക്കാന്‍ യുവാവിന്‍റെ ഇടപെടല്‍ സഹായകരമായി എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഈ രീതിയെ ഹെയ്ംലിച്ച് മാന്യുവര്‍ എന്നാണ് വിളിക്കുക എന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിലുണ്ട്. ഇത് വളരെ വൈദഗ്ധ്യമുള്ളവര്‍ക്ക് മാത്രം ചെയ്യാനാകുന്ന ചികിത്സാ രീതിയാണ്.



സമൂഹ മാധ്യമത്തില്‍ നിന്നാണ് ഈ കുട്ടി ഇത് പഠിച്ചെടുത്തതെന്നും കുറിപ്പിലുണ്ട്. 94,064 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഹെയ്ംലിച്ച് മാന്യുവര്‍ ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണെന്നും അത് വിദഗ്ധരില്‍ നിന്നും പഠിക്കണമെന്നും നെറ്റിസണ്‍സ് ഓര്‍മിപ്പിച്ചു. കൃത്യമായ സമയത്ത് ഇടപെട്ട കുട്ടിയെ പ്രശംസിക്കാനും ഇവര്‍ മറന്നില്ല.

ഹെയ്ംലിച്ച് മാന്യുവര്‍ പഠിക്കുമ്പോള്‍ അത് മികച്ച പ്രവൃത്തിപരിചയമുള്ള ഡോക്ടറില്‍ നിന്നായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ആധികാരകമല്ലാത്ത ഉള്ളടക്കങ്ങളും ചില വെബ്‌സൈറ്റിലും യൂട്യൂബ് ചാനലുകളിലുമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

(ഹെയ്ംലിച്ച് മാന്യുവര്‍ എന്ന രീതിയെ പറ്റി കൃത്യമായി അറിയാന്‍ നിങ്ങളുടെ അടുത്തുള്ള മെഡിക്കല്‍ വിദഗ്ധനെ സമീപിക്കുക. ഇന്‍റർനെറ്റിനേക്കാൾ വിശ്വാസ്യത പ്രഫഷണലുകള്‍ക്കാണെന്ന് മറക്കണ്ട)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.