ഒരു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചിന്അപ്പുകള്; റിക്കാര്‍ഡ് തീര്‍ത്ത് ഫ്രാങ്ക്
Wednesday, October 4, 2023 11:11 AM IST
പലതരം റിക്കാര്‍ഡുകള്‍ നിരന്തരം ഗിന്നസില്‍ രേഖപ്പെടുത്തപ്പെടുന്നു. അവയില്‍ പലതും പിന്നീട് തകര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇവയില്‍ ചിലത് വളരെ കൗതുകം ഉളവാക്കുന്നവ തന്നെയാണ്.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നേട്ടങ്ങളൊക്കെ നിമിഷാര്‍ദ്ധംകൊണ്ട് ആളുകളില്‍ എത്തുന്നു. അത്തരത്തിലുള്ള ഒരു റിക്കാര്‍ഡ് നേട്ടത്തിന്റെ കാര്യമാണിത്.
അമേരിക്കയിലെ കൊളറാഡോയില്‍ നിന്നുള്ള ഫ്രാങ്ക് സഗോണയാണ് ഈ റിക്കാര്‍ഡ് നേടിയത്. ഇദ്ദേഹം ഒരു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചിന്അപ്പുകള് പൂര്‍ത്തിയാക്കുകയാണുണ്ടായത്.
ഒരുമണിക്കൂറില്‍ 1,010 ചിന്-അപ്പുകള്‍ ആണ് ഈ 45 വയസുകാരന് പൂര്‍ത്തിയാക്കിയത്. 2011ല്‍ സ്റ്റീഫന്‍ ഹൈലാന്‍ഡിന്റെ 993 ചിന് അപ്പ് റിക്കാര്‍ഡ് ആണ് ഇദ്ദേഹം മറികടന്നത്. ഒരു ദശകത്തിലധികമായി പലരും ശ്രമിച്ചെങ്കിലും ആര്‍ക്കും ഈ റിക്കാര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏറെ ക്ലേശകരമായിട്ടാണ് ഫ്രാങ്ക് ഈ പ്രക്രിയ പൂര്‍ത്തീകരിച്ചത്. 44 മിനിട്ട് എത്തിയപ്പോള്‍ ഇദ്ദേഹത്തിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. എങ്കിലും ഫ്രാങ്ക് പിന്മാറാന് തയാറായില്ല. ഒടുവിൽ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് റിക്കാര്‍ഡ് സ്വന്തമാക്കി അദ്ദേഹം.
നിരവധിപേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഫ്രാങ്കിനെ അഭിനന്ദിച്ചു. "അതുല്യനേട്ടം, അഭിനന്ദനം' എന്നാണൊരാള്‍ കുറിച്ചത്.