ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ "ഖണ്ഡേല്‍വാള്‍ ഗ്രൂപ്പ്"; പക്ഷേ...
Tuesday, October 31, 2023 9:59 AM IST
"കിടമത്സരം' എന്ന വാക്ക് കേള്‍ക്കാത്ത ബിസിനസുകാര്‍ കുറവായിരിക്കും. നിരവധിപേര്‍ ഒരേ വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന കാലത്ത് മത്സരം സ്വാഭാവികമാണല്ലൊ. എന്നാല്‍ വ്യത്യസ്തത പുലര്‍ത്തുന്നവര്‍ അതില്‍ ഉപഭോക്താക്കളെ തങ്ങളുടേതാക്കും.
നിരവധി ബ്രാന്‍ഡുകള്‍ പരസ്യങ്ങളിലും മറ്റും വേറിട്ട ആശയങ്ങള്‍ പുലര്‍ത്തി ആളുകളുടെ ശ്രദ്ധനേടാറുണ്ട്.
മുംബെെയിലുള്ള ഒരു റിയല്‍എസ്റ്റേറ്റ് കമ്പനിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. ഈ റിയല്‍ എസ്റ്റേറ്റ് ഏജന്‍സി തങ്ങളുടെ പേരില്‍ വരുത്തിയ കൗതുകം മൂലമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
വസ്തുക്കച്ചവടത്തില്‍ ഏറ്റവും മത്സരം ഉള്ള ഒരിടമാണല്ലൊ മുംബൈ. വമ്പന്‍ സ്രാവുകള്‍ മുതല്‍ സാധാരണക്കാരന്‍വരെ ഈ രംഗത്ത് പലരൂപങ്ങളായി ഉണ്ടല്ലൊ. അതിനാല്‍ ഈ ബിസിനസില്‍ വിജയിക്കാന്‍ ശ്രദ്ധനേടണം.
ഇതിനായിട്ട് കമ്പനി കണ്ടെത്തിയ പോംവഴിയാണ് തങ്ങളുടെ ബ്രാന്‍ഡിന് വേറിട്ട പേര് നല്‍കുക എന്നത്. "ഖണ്ഡേല്‍വാള്‍ ഗ്രൂപ്പ്' എന്നാണവര്‍ പേര് നല്‍കിയത്. ഫ്രഞ്ച് ഉച്ചാരണമാണ് ഇവര്‍ ഈ പേരിൽ ചേര്‍ത്തത്.
സാധാരണ ഗ്രൂപ്പ് എന്നെഴുതുന്നതില്നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് അക്ഷരം "ഈ' കൂടി അധികം ചേര്‍ത്തു. മികച്ചൊരു ഡിസൈനും പേരിനൊരുക്കി.
മാത്രമല്ല വേറിട്ടൊരുക്കിയ ഒരു ബോര്‍ഡ് തിരക്കേറിയ റോഡിന്റെ വശത്ത്വച്ചു. പോരാഞ്ഞ് ഈ ചിത്രം സമൂഹ മാധ്യമമായ എക്സിലും പങ്കിട്ടു. വൈറലായി മാറിയ ചിത്രത്തിന് നിരവധി കമന്റുകള്‍ ലഭിച്ചു.
ചിലര്‍ കമ്പനിയുടെ സര്‍ഗാത്മകതയെ കളിയാക്കി പറഞ്ഞപ്പോള്‍ മറ്റുചിലര്‍ പേരിലെ പിഴവ് ചൂണ്ടിക്കാട്ടി. ഒരു വിദേശ ടച്ച് ചേര്‍ക്കുന്നത് ആഡംബരമാണെന്ന് ഇന്ത്യന്‍ കമ്പനികള്‍ കരുതുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.
"ഏതോ യൂറോപ്യന്‍ ആയി നടിക്കുന്ന ഇന്ത്യക്കാരുടെ അഭിനിവേശം അസുഖകരമാണ്. നമ്മള് നമ്മുടെ സ്വന്തം സംസ്കാരത്തെ വിലമതിക്കുന്നില്ല' എന്നാണൊരാൾ കുറിച്ചത്. "പേര് വേറെ ലെവലിലേക്ക് മാറി' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഖണ്ഡേല്‍വാള്‍ എന്ന പേരുകേട്ടാല്‍ ആരും ഫ്രഞ്ച് ആണെന്ന് ചിന്തിക്കില്ല എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.