"ആനന്ദം പരമാനന്ദം'; അച്ഛനായാല്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍ മീഡിയ
Tuesday, October 31, 2023 12:43 PM IST
ഏറ്റവും നല്ല മാതാപിതാക്കളെ ലഭിക്കുന്ന മക്കള്‍ ഭാഗ്യവാന്മാരൊ ഭാഗ്യവതികളൊ ആണ്. കാരണം നല്ല മാതാപിതാക്കള്‍ക്ക് സ്നേഹം പ്രകടിപ്പിക്കാനും ആത്മവിശ്വാസം പകരാനും ആകും.
അത്തരം പ്രവര്‍ത്തികള്‍ അവരുടെ മക്കളുടെ മനോബലം കൂട്ടും. തത്ഫലമായി ആ കുട്ടികള്‍ക്ക് ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നേരിട്ട് ഭാവിയില്‍ ഏറ്റവും വിജയവഴിയില്‍ സഞ്ചരിക്കാന്‍ കഴിയും.
ഇപ്പോഴിതാ ഏറെ സന്തോഷവാനായ ഒരു അച്ഛനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ ഇദ്ദേഹം കാഴ്ചപരിധിയുള്ള തന്റെ മകളെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതാണുള്ളത്.
വളരെ ആവേശത്തോടെയാണ് അച്ഛന് മകളെ സൈക്കിളോടിക്കാന്‍ പരിശീലിപ്പിക്കുന്നത്. ദൃശ്യങ്ങളില്‍ മകള്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഈ പിതാവ് ആവേശഭരിതനായി കൂടെ ഓടുകയാണ്. കുറച്ച് ദൂരം ഓടിയപ്പോഴേക്കും ഈ അച്ഛന്റെ സന്തോഷത്തിന് അതിരില്ലാതായി.
തന്റെ മകളെകൊണ്ട് ഇക്കാര്യം സാധിച്ചതില്‍ അദ്ദേഹം അഭിമാനം കൊള്ളുകയാണ്. മകളെ എടുത്തുയര്‍ത്തി കറക്കുന്നുണ്ട് ഇദ്ദേഹം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. "മികച്ച അച്ഛന്. ഭാഗ്യവതിയായ മകള്‍' എന്നാണൊരാള്‍ കുറിച്ചത്.