"ഈ മുതലാളി മാസ് ഡാ'; ജീവനക്കാര്‍ക്ക് 12 കാറുകള്‍ സമ്മാനിച്ച് കമ്പനി ഉടമ
Saturday, November 4, 2023 3:34 PM IST
ഉത്സവകാലത്ത് മുതലാളി കുറച്ചുകൂടുതല്‍ പൈസ തരുമെന്ന് മിക്ക തൊഴിലാളികളും കരുതും. പല കമ്പനികളും അത്തരത്തില്‍ ചെയ്യാറുണ്ട്. സാധാരണയായി ഒരു നിശ്ചിത തുകയാകും അവര്‍ കൂട്ടി നല്‍കുക.
ചിലര്‍ ചെറിയ സമ്മാനങ്ങളാകും നല്‍കുക. ഉദാഹരണം ക്രിസ്മസ് കാലത്ത് മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് കേക്കുകള്‍ നല്‍കുന്നത്.
എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത സമ്മാനം നല്കി തൊഴിലാളികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ഒരു ഫാര്‍മ കമ്പനി ഉടമ. പഞ്ച്കുളയിലുള്ള മിറ്റ്സ്കാര്‍ട്ട് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇത്തരത്തില്‍ ജീവനക്കാരെ ഞെട്ടിച്ചത്.
12 കാറുകളാണ് മിറ്റ്സ്കാര്‍ട്ട് ചെയര്മാന് എം.കെ. ഭാട്ടിയ തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്. കമ്പനിയോട് വിശ്വസ്തരായി നിന്ന് അതിന്റെ വളര്‍ച്ചയില്‍ സഹായിച്ചതിന്റെ നന്ദി കൂടിയാണ് ഈ സമ്മാനങ്ങളെന്ന് ഉടമ പറയുന്നു.
ഓഫീസിലെ അറ്റന്‍ഡര്‍ മുതലുള്ള 12 പേര്‍ക്കാണ് ടാറ്റയുടെ ജനപ്രിയ മോഡലായ പഞ്ച് മൈക്രോ എസ്യുവി അദ്ദേഹം കൈമാറിയത്.
ദീപാവലി കാലത്ത് തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ജീവനക്കാര്‍. ഈ മുതലാളി സമൂഹ മാധ്യമങ്ങളിലും താരമായി. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.