"കാക്കിക്കുള്ളിലെ ഹംസങ്ങൾ'; വിവാഹാഭ്യര്ഥനയിലെ പോലീസ് സാന്നിധ്യം വൈറല്‍
Monday, November 27, 2023 9:45 AM IST
പ്രണയവും വിവാഹാഭ്യര്ഥനയുമൊക്കെ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങള്‍ വെറൈറ്റി ആയി അവതരിപ്പിക്കും.സമൂഹ മധ്യമങ്ങളുടെ വരവോടെ ഇത്തരം പ്രൊപ്പോസലുകളുടെ നിരവധി വീഡിയോകള്‍ നമുക്ക് കാണാന്‍ കഴിയുന്നു.
അത്തരത്തിലുള്ള ഒരു വേറിട്ട വിവാഹാഭ്യര്‍ഥനയുടെ കാര്യമാണിത്. സംഭവം അങ്ങ് അമേരിക്കയിലാണ്. എന്നാല്‍ ഈ അഭ്യര്‍ഥന വൈറലാകാന്‍ കാരണം രണ്ട് പോലീസുകാരുടെ സാന്നിധ്യമാണ്.
ഫേസ്ബുക്കില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു യുവാവും യുവതിയും നിര്‍ത്തിയിട്ട കാറില്‍ ഇരിക്കുകയാണ്. ട്രോയ് ഗോള്‍ഡ്സ്മിഡ് എന്നയാളും മോറിയ എന്ന ഇയാളുടെ കാമുകിയുമായിരുന്നു കാറില്‍.
ഇവര്‍ക്കരികിലായി ഒരു പോലീസുകാരന് എത്തുന്നു. ഇദ്ദേഹം വാഹനത്തിലുള്ള ട്രോയിയോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നു. ലൈസന്‍സ് കാട്ടാന്‍ എന്ന നിലയില്‍ ഇദ്ദേഹം കാറില്‍ നിന്നും ഇറങ്ങുന്നു.
ഈ സമയം മോറിയ അല്പം ടെന്ഷനില് കാറില്‍ ഇരിക്കുകയാണ്. ഇവര്‍ക്കരികിലേക്ക് ഒരു പോലീസുകാരി എത്തുന്നു. അവര്‍ മോറിയയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നു. യുവതി പുറത്തിറങ്ങി നില്ക്കുന്നു.
എന്നാല്‍ മോറിയ തിരിഞ്ഞുനോക്കുമ്പോഴാണ് സര്‍പ്രൈസ് വെളിവാകുന്നത്. ട്രോയ് നിലത്ത് മുട്ടുകുത്തിയിരിക്കുകയാണ്. ട്രോയ് അവളോട് തനിക്ക് മോറിയയെ ഇഷ്ടമാണെന്നും പറഞ്ഞ് വിവാഹാഭ്യര്‍ഥന നടത്തുന്നു.
ആകെ അമ്പരന്ന മോറിയ ഉടന്‍തന്നെ ട്രോയിയുടെ ഇഷ്ടം സ്വീകരിക്കുന്നു. ട്രോയ് മോറിയയ്ക്ക് മോതിരം അണിയിക്കുമ്പോള്‍ ആ പോലീസുകാര്‍ കൈയടിക്കുന്നു. ഈ പോലീസുകാര്‍ തന്റെ സുഹൃത്തുക്കള്‍ ആണെന്ന് ട്രോയ് മോറിയയോട് പറയുന്നു.
എന്തായാലും ഈ രസകരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി. നിരവധിപേര്‍ ഇരുവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നു.