ജനമനസുകളിൽ കനലായി എരിയുന്ന ഒരു ഡയലോ​ഗ് കെജിഎഫ് എന്ന സിനിമയിലുണ്ട്, "ലോകത്ത് അമ്മയേക്കാൾ വലിയ പോരാളി ഇല്ല'. അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുകയാണ്.

വഴിയോര കച്ചവടക്കാരിയായ ഒരമ്മ ജോലിക്കിടയിലും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. കുഞ്ഞികൈകൾ കൊണ്ട് ബുക്കിൽ എഴുതുന്ന കുരുന്നിനേയും വീഡിയോയിൽ കാണാം. ജാർഖണ്ഡ് കേഡറിലെ ഡെപ്യൂട്ടി കലക്ടറായ സഞ്ജയ് കുമാറാണ് വീഡിയോ പങ്കുവെച്ചത്.

"ഇന്ന് അടിക്കുറിപ്പ് നൽകാൻ എനിക്ക് വാക്കുകളില്ല' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മഞ്ഞ ടാർപോളിൻ റോഡിൽ വിരിച്ച് വെയിലത്ത് പഠിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നതാണ്.



കുട്ടികൾ ഇരിക്കുന്നതിന് സമീപം സ്കൂൾ ബാ​ഗും ബോക്സുമൊക്കെ കാണാം. കടയിലെ കാര്യ‌ങ്ങൾ നോക്കുന്നതിനിടയിലും ഈ അമ്മ കുട്ടിയുടെ അടുത്ത് വന്ന് എഴുതുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നു. അൽപസമയം കഴിഞ്ഞ് കുട്ടിയെ മടിയിലിരുത്തി കൂടുതൽ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നു.

ഒട്ടനവധി ആളുകളാണ് എക്സിൽ വന്ന വീഡിയോ കണ്ടത്. "ആ കുട്ടികളെ ആകും പോലെ സഹായിക്കണം സർ', "അവർ പഠിച്ച് മിടുക്കരാകുമെന്നുറപ്പ്', "ഈ അമ്മ ശരിക്കും വലിയ അഭിനന്ദനം അർഹിക്കുന്നു', "അവർ ഉയരങ്ങളിലെത്തട്ടെ' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു.

ഈ അമ്മയും മക്കളും എവിടെയാണ് താമസിക്കുന്നത് അവർക്ക് എങ്ങനെ സഹായമെത്തിക്കാൻ പറ്റും എന്ന് ഒട്ടേറെ പേർ ചോദിച്ചിരുന്നു.