ലോകത്തിലെ ഏറ്റവുംവലിയ റൊട്ടി; ഉണ്ടാക്കിയത് ഈ ഇന്ത്യന്‍ സംസ്ഥാനത്ത്
Thursday, October 12, 2023 12:46 PM IST
തകര്‍ക്കപ്പെടാന്‍ ഉള്ളതാണ് റിക്കാര്‍ഡുകള്‍ എന്നൊരു പറച്ചിലുണ്ടല്ലൊ. എന്നാല്‍ ഈ റിക്കാര്‍ഡ് തകര്‍ത്താലും കഴിക്കാനുള്ളതാണ്. സംഭവം നമ്മുടെ രാജ്യത്തിന്റെ വകയാണ്.
അടുത്തിടെ ഏറ്റവും വലിയ റോട്ടി ഇവിടെ ഉണ്ടാക്കുകയുണ്ടായി. രാജസ്ഥാനിലാണ് ഈ ഭീമന് റോട്ടി ഉണ്ടാക്കിയത്. 171 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ റൊട്ടിയാണ് ഇവിടെ ഉണ്ടാക്കിയത്.
ഭില്‍വാരയില്‍ ബിജെപി ജില്ലാ വക്താവും രാജസ്ഥാനി ജന്‍ മഞ്ച് പ്രസിഡന്റുമായ കൈലാഷ് സോണിയുടെ ജന്മദിന ആഘോഷത്തിനിടെയാണ് ലോകത്തിലെ ഏറ്റവും വലിയ റൊട്ടി ഉണ്ടാക്കിയത്.
ഇതിനായി ഏകദേശം 207 കിലോ ഗോതമ്പ് മാവ് ഉപയോഗിച്ചു.10 കിലോഗ്രാം ഓള് പര്‍പ്പസ് മൈദ, ഏകദേശം 15 കിലോ നെയ്യ്, വെള്ളവും എണ്ണയും ഒക്കെ ഉപയോഗിച്ചു. ഈ ഭീമാകാരമായ റൊട്ടിക്ക് ഏകദേശം 11.25 x11.25 അടി വലിപ്പവും 70 മില്ലിമീറ്റര്‍ കനവും ഉണ്ട്.
ഭില്‍വാരയിലെ ഹരിസേവാ ഉദസിന് ആശ്രമം സനാതന്‍ മന്ദിറില്‍ ഉള്ള 21 പാചകവിദഗ്ധര്‍ ആണ് ഇക്കാര്യത്തിനായി പരിശ്രമിച്ചത്. 1,000 കിലോഗ്രാം ഭാരവുമുള്ള ഒരു വലിയ ഇരുമ്പ് പാന്‍ ഉപയോഗിച്ചാണ ഇവര്‍ ഇത് ചുട്ടത്.
2,000ല്‍ പരം ചുടുകട്ടകള്‍ കൊണ്ടുണ്ടാക്കിയതായിരുന്നു അടുപ്പ്. 1,000 കിലോ കല്‍ക്കരിയും ഉപയോഗിച്ചു. ഈ ഭീമന് റൊട്ടിയുടെ ഒരുക്കല്‍ കാണാന്‍ നിരവധിപേര്‍ വന്നിരുന്നു.
നേട്ടം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി സംഘാടകര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്ഡിലേക്കും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്ഡിലേക്കും ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറില്‍ ഉണ്ടാക്കിയ 145 കിലോഗ്രാം റൊട്ടിയാണ് ഇതുവരെയുണ്ടായിരുന്ന റിക്കാര്‍ഡ് റൊട്ടി.