പ്ലാസ്റ്റിക് കുപ്പികള്‍ ഫീസായി വാങ്ങുന്ന സ്കൂള്‍
Friday, October 13, 2023 10:22 AM IST
ഏറ്റവും പ്രധാനമായ ഒരു കാര്യമാണല്ലൊ വിദ്യാഭ്യാസം. നമ്മുടെ ഭരണഘടന അത് ഉറപ്പാക്കാന്‍ നിര്‍ദേശിക്കുന്നുമുണ്ട്. എന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ പല കുഞ്ഞുങ്ങള്‍ക്കും തങ്ങളുടെ ഈ അവകാശം നഷ്ടമാകുന്നു.
ദാരിദ്ര്യമടക്കം ഉള്ള കാരണങ്ങളാലാണിത് സംഭവിക്കാറുള്ളത്. പല സ്കൂളുകളും ഫീസ് വാങ്ങുന്നത് വലിയ തുകകള്‍ ആണെന്ന പരാതികള്‍ പലകോണില്‍നിന്നും ഉയരാറുണ്ടല്ലൊ.
ഇപ്പോഴിതാ ചിന്തോദ്ദീപകമായ വീഡിയോകള്‍ക്ക് പേരുകേട്ട നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് എക്സില്‍ പങ്കുവച്ച ഒരു സ്കൂള്‍ ചര്‍ച്ചയാവുകയാണ്. ആസാമിലുള്ള ഒരു സ്കൂളിന്റെ കാര്യമാണ് അദ്ദേഹത്തിന്റെ വീഡിയോയയിലുള്ളത്.
2016-ല്‍ പര്‍മിത ശര്‍മയും മാസിന് മുഖ്താറും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ സ്കൂള്‍. എന്നാല്‍ ഈ സ്കൂളിന് ഫീസ് ഇല്ല. പക്ഷേ ഫീസായി കുട്ടികൾ പ്ലാസ്റ്റിക് കുപ്പികള്‍ നല്‍കണം. അതായത് എല്ലാ ആഴ്ചയും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചാല്‍ കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കാന്‍ കഴിയുന്ന ഒരു സ്കൂള്‍.
ആസാമിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ ഈ സ്കൂളില്‍ എത്തുന്നുണ്ട്. ആഴ്ചയില്‍ 25 പ്ലാസ്റ്റിക് കുപ്പികളാണ് വിദ്യാര്‍ഥികള്‍ കൊണ്ടുവരേണ്ടത്.
ഇത്തരമൊരു ആശയം തുടങ്ങാന്‍ പര്‍മിത ശര്‍മയേയും മാസിനെയും പ്രേരിപ്പിച്ചത് അവര്‍ അന്നാട്ടില്‍ നിന്ന് മനസിലാക്കിയ രണ്ട് പ്രശ്നങ്ങളാണ്.
വളരെയധികം പ്ലാസ്റ്റിക് മാലിന്യങ്ങളും നിരക്ഷരതയും ആസാമിന്റെ പ്രശ്നമായി അവര്‍ മനസിലാക്കി. ചുരുക്കത്തില്‍ രണ്ടിനും ഒരൊറ്റ പരിഹാരം എന്ന നിലയില്‍ ഇത്തരമൊരു സ്കൂള്‍ ആരംഭിച്ചു.
ഈ സ്കൂള്‍ പ്ലാസ്റ്റിക് വെറുതേ ശേഖരിക്കുകയല്ല. അവര്‍ അത് പുനരുപയോഗം ചെയ്യും. അതായത് പ്ലാസ്റ്റിക് കൊണ്ടുള്ള നടപ്പാതകളും റോഡുകളും ടോയ്ലറ്റുകളും ഒക്കെ അവര്‍ തീര്‍ക്കുന്നു.ഇതും പോരാഞ്ഞ ഈ സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ഇളയവരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പരമ്പരാഗത വിഷയങ്ങള്‍ക്ക് പുറമേ ഭാഷകള്‍, പ്ലാസ്റ്റിക് റീസൈക്ലിംഗ്, മരപ്പണി, പൂന്തോട്ടപരിപാലനം എന്നിവയില്‍ അവര്‍ അറിവ് പകര്‍ന്നുനല്‍കുന്നു. കളിപ്പാട്ട കറന്‍സി നോട്ടുകള്‍ ഉപയോഗിക്കാനും മറ്റും ഈ സ്കൂള്‍ പഠിപ്പിക്കുന്നുണ്ട്.
പോരാഞ്ഞ് ചെറിയ കുട്ടികള്‍ക്ക് അറിവ് നല്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും ഇവര്‍ നല്‍കുന്നുണ്ട്.
ചുരുക്കത്തില്‍ ഏറ്റവും മാതൃകാപരമായ ഒരു വിദ്യാഭ്യാസമ്പ്രദായം. നിരവധിയാളുകള്‍ ഈ വിദ്യാലയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിച്ച് രംഗത്തെത്തി. "മഹത്തായ പ്രവര്‍ത്തനം സുഹൃത്തേ' എന്നാണൊരാള്‍ കുറിച്ചത്.