മലമുകളിലേക്ക് നായകളും പോരട്ടേയെന്ന് ഉടമ; ചുമട്ടുകാര്‍ക്ക് പ്രതിഫലം 11,000 രൂപ
Friday, November 10, 2023 1:08 PM IST
തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുമായി മനുഷ്യര്‍ക്ക് വല്ലാത്തൊരു അടുപ്പം കാണും. എവിടെപ്പോയാലും ആ മൃഗങ്ങളെ വിട്ടുവരാന്‍ ഇത്തരം ഉടമകള്‍ അല്പം മടിക്കും.
യുക്രെയ്ന് യുദ്ധത്തിനിടയില്‍ തന്റെ നായയേ പിരിയാന്‍ കൂട്ടാക്കാഞ്ഞ മലയാളി വിദ്യാര്‍ഥിനി അന്ന് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സൈബീരിയന്‍ ഹസ്കിയുമായി വന്നിറങ്ങിയ യുവതിയെ മിക്കവരും അഭിനന്ദിച്ചിരുന്നു.
അത്തരത്തിലൊരു ചൈനീസ് വനിതയെക്കുറിച്ചാണിത്. ചൈനയിലെ ജിയാംഗ്സി പ്രവിശ്യയിലെ സാന്‍ക്വിംഗ് പര്‍വതത്തിലേക്ക് ട്രക്കിംഗ് നടത്തുകയായിരുന്നു യുവതി. ഇവര്‍ക്കൊപ്പം വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു.
എന്നാല്‍ ഈ നായകളില്‍ ഒരെണ്ണം പര്‍വതാരോഹണത്തിന് തയാറായില്ല. ഒടുവില്‍ യുവതി സെഡാന് ചെയര്‍ സേവനം നല്കുന്ന ജീവനക്കാരുടെ സഹായം തേടി. അവര്‍ ഈ നായ്ക്കളെ ചുമന്ന് മുകളിലെത്തിച്ചു.
ഒരുതരം പോര്‍ട്ടബിള്‍ കസേര ഉപയോഗിച്ചാണ് അവര്‍ നായ്ക്കളെ പര്‍വതത്തിന്റെ മുകളില്‍ എത്തിച്ചത്. വളര്‍ത്തുനായ്ക്കളെ പര്‍വതം കയറാന്‍ സഹായിച്ചവര്‍ക്ക് 11,000 രൂപ യുവതി പ്രതിഫലം നല്കി. ഇക്കാര്യം ചൈനീസ് സമൂഹ മാധ്യമമായ ഡൂയിനില്‍ അവർ പങ്കുവച്ചു.
എന്നാൽ സമ്മിശ്ര പ്രതികരണമാണ് ഈ "നായ സ്നേഹത്തിന്' ലഭിച്ചത്. "ഇത്തരം ഇടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കുന്നാണ് അഭികാമ്യം' എന്നാണൊരാള്‍ അഭിപ്രായപ്പെട്ടത്. "നായ്ക്കള്‍ക്കും ഈ യാത്ര പുതിയ അനുഭവം സമ്മാനിച്ചിരിക്കാം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.