ഒരു പോളിംഗ് ബൂത്ത്, 35 വോട്ടര്‍മാര്‍; അതും ഒരൊറ്റ കുടുംബത്തില്‍നിന്നും
Friday, November 10, 2023 2:37 PM IST
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലൊ. അതില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംസ്ഥാനമാണ് രാജസ്ഥന്. നേതാക്കള്‍ നിമിത്തം മാത്രമല്ല ഇപ്പോള്‍ ഇവിടം വാര്‍ത്തകളില്‍ നിറയുന്നത്.
സ്വതന്ത്രരായ മത്സരാര്ഥികളും വോട്ടര്‍മാരുമൊക്കെ രാജസ്ഥാന്റെ "ഇലക്ഷന് വിശേഷങ്ങള്‍' ആയി മാറുകയാണ്.
ഇപ്പോഴിതാ രാജസ്ഥാനിലെ ഏറ്റവും ചെറിയ പോളിംഗ് ബൂത്ത് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാവുകയാണ്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ബാര്‍മര്‍ ജില്ല ബാഡ്മര്‍ കാ പാര് എന്ന ഗ്രാമത്തിലാണ് ഈ ബൂത്ത്.
ആകെ 35 വോട്ടേഴ്സ് മാത്രമാണ് ഇവിടുള്ളത്. ഈ 35 വോട്ടര്‍മാരില്‍ 17 സ്ത്രീകളും 18 പുരുഷന്മാരുമാണ്. ഏറ്റവും വേറിട്ട കാര്യം ഈ 35പേരും ഒരൊറ്റ കുടുംബത്തില്‍ നിന്നുള്ളവരാണ്.
മുമ്പ് ഇവിടുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. ഈ ദുഷ്കരമായ യാത്രയ്ക്ക് നടക്കുകയോ ഒട്ടകസവാരി നടത്തുകയോ ചെയ്യേണ്ടിയിരുന്നു. ഇത് പ്രായമായവര്‍ക്കും സ്ത്രീകള്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.
തത്ഫലമായി ഈ വര്‍ഷം അവരുടെ ഗ്രാമത്തില്‍തന്നെ പോളിംഗ് സ്റ്റേഷന് ഒരുങ്ങി. ഇതോടെ വോട്ടെടുപ്പിന്റെ ആവേശത്തിലായി ഇവര്‍. ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ കാത്തിരിക്കുകയാണിവർ.
രാജസ്ഥാനില്‍ നവംബര്‍ 25 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ അഞ്ചിന് വോട്ടെണ്ണലും നടക്കും.