ഡിഎന്‍എ ചന്ദ്രനിലേക്ക് അയയ്ക്കണം; അന്യഗ്രഹജീവികളാല്‍ ക്ലോണ്‍ ചെയ്യപ്പെടണം
Friday, November 24, 2023 3:51 PM IST
ജീവതമെന്ന സമസ്യയും മരണാനന്തരം എന്തെന്ന ചോദ്യവുമൊക്കെ എത്രയെത്ര തവണ നമുക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നു. ഉത്തരം കിട്ടിയെന്നോര്ത്തും കണ്ടെത്താതെയും നമ്മള് പിന്നെയും മുന്നോട്ട് സഞ്ചരിക്കും.
പലരും മരണശേഷം തങ്ങള്‍ക്കായി ചെയ്യേണ്ട കാര്യങ്ങളില്‍ വിചിത്രമായ ആഗ്രങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ അമേരക്കയില്‍ നിന്നുള്ള ഒരാള്‍ വേറിട്ട ഒരു മോഹം പറഞ്ഞു; അത് വലിയ ചര്‍ച്ചയായി മാറി.
ഫിസിക്സ് പ്രഫസര്‍ ആയ കെന്‍ ഓം ആണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. കന്‍സാസില്‍ നിന്നും വിരമിച്ച ഈ 86 കാരന്റെ ആഗ്രഹം തന്റെ ഡിഎന്‍എ ചന്ദ്രനിലേക്ക് അയയ്ക്കണം എന്നാണ്. മാത്രമല്ല ഇത് ഭാവിയില്‍ അന്യഗ്രഹജീവികളാല്‍ ക്ലോണ്‍ ചെയ്യപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ചെറുപ്പത്തിലെ ബഹിരാകാശ സഞ്ചാരിയാകാന്‍ സ്വപ്നം കണ്ട ആളാണ് കെന്‍. അതിനായി നാസയെ സമീപിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഉയരക്കൂടുതല്‍ നിമിത്തം നാസ പിന്തിരിപ്പിച്ചു.
പക്ഷേ 86-ാം വയസില്‍ തന്റെ മോഹം മറ്റൊരു തരത്തില്‍ നടത്തുകയാണ് അദ്ദേഹം. തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്ക് അയയ്ക്കുകയാണ് അദ്ദേഹം.
ഇതിനായി ടെക്സസ് ആസ്ഥാനമായുള്ള സെലെസ്റ്റിസ് എന്ന കമ്പനിയെ സമീപിച്ചിട്ടുണ്ട്. ചന്ദ്രനിലേക്കുള്ള വണ്‍വേ യാത്രയ്ക്ക് 12,500 ഡോളറാണ് ഈ കമ്പനി ഈടാക്കുന്നത്.
നിലവില്‍ കെന്നിന്റെ ആഗ്രഹം നമുക്ക് വിചിത്രമായി തോന്നുമെങ്കിലും 30,000 വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു വലിയ സംഭവം ആയിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്.