"ഇത് വല്ലാത്ത ആശ്വാസം തന്നെ'; കാശ് കൊടുത്ത് അടിവാങ്ങിക്കുന്നു
Wednesday, December 6, 2023 10:52 AM IST
ഒരു ഭക്ഷണശാല എന്നാല്‍ നമ്മുടെ മനസിലേക്ക് വരിക കുറച്ച് വിഭവങ്ങളും തീന്മേശയും പിെന്ന കസ്റ്റമറെ "കിംഗ്' ആക്കുന്ന ജീവനക്കാരുമൊക്കെ ആയിരിക്കും. ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും സമാനമായ കാഴ്നയാകും ഉണ്ടാവുക.
എന്നാൽ ലോകത്തിന്റെ നാനാകോണിലും സമ്പ്രദായങ്ങളെ ഉള്‍ക്കൊണ്ടും ചരിത്രങ്ങളെ അടയാളപ്പെടുത്തിയുമൊക്കെ രൂപകല്പന ചെയ്ത റെസ്റ്റോറന്റുകളെയും കാണാന്‍ കഴിയും. ആളുകള്‍ അത്തരം വേറിട്ട ഭക്ഷണശാലകളില്‍ സമയം പങ്കിടാന്‍ ആഗ്രഹിക്കുകയും ചെയ്യും
ഇപ്പോഴിതാ ജപ്പാനിലെ ഒരു ഭക്ഷണശാല അവിടുത്തെ വ്യത്യസ്ത "വിഭവം' നിമിത്തം സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നു. എന്നാല്‍ ഈ "വിഭവം' മേടിക്കാന്‍ കഴിയും പക്ഷേ കഴിക്കാന്‍ ആകില്ല.
കാരണം അടിയാണ് ഇത്. "നഗോയ ലേഡീസ് സ്ലാപ്പ്' എന്നാണ് ഈ മെനുവിന്റെ പേര്. ജപ്പാനിലെ നഗോയയിലെ ഷാച്ചിഹോക്കോ-യ റെസ്റ്റോറന്റിലാണ് ഈ "വിഭവം' ഉള്ളത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഇതെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് കിമോണോ ധരിച്ച പരിചാരികമാര്‍ തങ്ങളുടെ കൈപ്പത്തികള്‍ ഉപയോഗിച്ച് ഒരു കസ്റ്റമറുടെ മുഖത്ത് അടിക്കുന്നതാണ് ഇത്.
300 ജാപ്പനീസ് യെന്‍ (170 രൂപ) കൊടുത്ത് ആണ് ഈ തല്ലുവാങ്ങല്‍. ഒരു പ്രത്യേക സ്റ്റാഫ് തല്ലണം എന്ന് നാം കസ്റ്റമര്‍ ആഗ്രഹിക്കുന്നു എങ്കില്‍ 500 യെന്‍ (283 രൂപ) സര്‍ചാര്‍ജും ഉണ്ട്.
എന്നാല്‍ ഈ തല്ലുവാങ്ങുന്ന ആര്‍ക്കും ദേഷ്യം വരുന്നില്ല. പകരം ആശ്വാസമാണത്രെ ഉണ്ടാകുന്നത്. അവര്‍ തല്ലിയ സ്ത്രീളോട് നന്ദി പറയുകയാണ്.
വീഡിയോ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായി എത്തി. "എത്ര വിചിത്രമായ കാര്യം. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ കൂട്ടത്തല്ല് ആയേനെ'എന്നാണൊരാള്‍ കുറിച്ചത്.
ഈ ദൃശ്യങ്ങളില്‍ "ഷാച്ചിഹോക്കോ-യ റെസ്റ്റോറന്റും പ്രതികരണവുമായി എത്തി. തങ്ങള്‍ ഇപ്പോള്‍ അടി നല്‍കുന്നില്ല. ഇത് പഴയ അടിയാണ്. എന്തായാലും തങ്ങളുടെ വിഭവം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷം എന്നാണവര്‍ കുറിച്ചത്.