അഞ്ച് പതിറ്റാണ്ടായുള്ള സ്വീഡിഷ് കാത്തിരിപ്പിന് ഉത്തരമില്ലാത്ത കൊറിയ"കാര്‍'
Friday, November 10, 2023 10:22 AM IST
ലോകത്തെ ഏറ്റവും ശ്രദ്ധകേന്ദ്രമായ രാജ്യങ്ങളില്‍ ആദ്യത്തേതില്പ്പെടുന്ന ഒന്നാണ് ഉത്തരകൊറിയ. അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയുമൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന പോലെയല്ല ഇവരുടെ പ്രസിദ്ധി.
ഏറ്റവും നിഗൂഢമായ രാജ്യങ്ങളില്‍ ഒന്നായിട്ടാണ് കിമ്മിന്റെ കൊറിയയെ ലോകം കാണുന്നത്. പല കാര്യങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഉത്തരകൊറിയെ കുറിച്ച് ഒരു കാര്‍ കമ്പനിക്ക് പറയാനുള്ള പരാതിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച.
സ്വീഡനില്‍ നിന്നുള്ള വോള്‍വോ കാര്‍ കമ്പനിയാണ് ഈ പരാതിക്കാര്‍. എന്നാലീ പരാതിയുടെ കാരണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 49വര്‍ഷത്തെ പഴക്കം.
1974ല്‍ ഉത്തരകൊറിയ അതിന്റെ സാമ്പത്തിക വികസന പദ്ധതിയുടെ ഭാഗമായി സ്വീഡനില്‍ നിന്ന് 1,000 വോള്‍വോ 144 കാറുകള്‍ ഓര്‍ഡര്‍ ചെയ്തു. 73 മില്യണ്‍ ഡോളര്‍ ആയിരുന്നു അന്നതിന് വില. എന്നാല്‍ ഉത്തര കൊറിയ ഒരു രൂപ പോലും അഡ്വാന്‍സ് നല്‍കിയിരുന്നില്ല.
പക്ഷേ എന്നിരുന്നാലും കാറും മറ്റ് മെക്കാനിക്കല്‍ ഉപകരണങ്ങളും കമ്പനി കൃത്യമായി ഉത്തരകൊറിയയ്ക്ക് കൈമാറി. എന്നാല്‍ കാര്‍ കൈയില്‍ കിട്ടിയതും ഉത്തരകൊറിയ കൈമലര്‍ത്തി. അവര്‍ ഈ തുക വോള്‍വോയ്ക്ക് നല്‍കിയില്ല.
പലരും ഇടപെട്ടിട്ടും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. അതിന്നും തുടരുന്നു. നിലവില്‍ പലയശയടക്കം ഏകദേശം 330 ദശലക്ഷം തുകയാണ് ഉത്തര കൊറിയ വോള്‍വോയ്ക്ക് നല്‍കാനുള്ളത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം കാശ് കൊടുത്തില്ലെങ്കിലും ഇപ്പോഴും അവര്‍ ഈ കാര്‍ ഉപയോഗിക്കുന്നു എന്നതാണ്. കാലം മാറിയിട്ടും ഒരു കുലുക്കവുമില്ലാതെ ഈ കാര്‍ ഇന്നും സഞ്ചരിക്കുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി വോള്വോക്കാര് തങ്ങള്‍ക്ക് പറ്റിയ ചതി ലോകക്കാരെ മൊത്തം അറിയിക്കുകയാണിപ്പോള്‍. അങ്ങനെയെങ്കിലും കാശ് കിട്ടിയാലൊ. "പക്ഷേ കിം അണ്ണനല്ലെ ആള്; നടത്തിതരും' എന്നാണൊരാള്‍ കുറിച്ചത്.