"ഹമാസ് മോചിപ്പിച്ചശേഷം തിരികെ സ്കൂളില്‍ എത്തിയ ഇസ്രയേലി പെണ്‍കുട്ടി'; സുഹൃത്തുക്കളെ കണ്ടപ്പോള്‍
Thursday, December 7, 2023 10:27 AM IST
ഇസ്രയേല്‍ ഹമാസ് യുദ്ധം ലോകം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണല്ലൊ. ഇതെഴുതുമ്പോഴും അവിടെ വെടിയൊച്ചകള്‍ ഒടുങ്ങിയിട്ടില്ല.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്. തുടര്‍ന്ന് പല ഇസ്രയേലികളെയും അവര്‍ ബന്ദികളാക്കി കടത്തിക്കൊണ്ടുപോയി. അതിനെത്തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം പലസ്തീനെ ആക്രമിക്കുകയുണ്ടയി.
ഈ പ്രത്യാക്രമണം ശക്തമായതോടെ ലോകരാഷ്ട്രങ്ങള്‍ വിഷയത്തില്‍ ഇടപെട്ടു. തത്ഫലമായി താത്കാലിക വെടിനിര്‍ത്തലും ബന്ദികളുടെ മോചനവുമൊക്കെ സാധ്യമായി.
ഇപ്പോഴിതാ ഇത്തരത്തില്‍ ബന്ദികളുടെ കൈയില്‍ നിന്നും മോചിതയായ ഒരു കൊച്ച് ഇസ്രയേലി പെണ്‍കുട്ടി തിരികെ സ്കൂളില്‍ എത്തുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
എമേലിയ അലോണി എന്ന പെണ്‍കുട്ടിയാണ് ഈ ദൃശ്യങ്ങളിലെ ശ്രദ്ധാകേന്ദ്രം. അഞ്ചുവയസുള്ള ഈ പെണ്‍കുട്ടിയേയും ഈ കുട്ടിയുടെ അമ്മയായ ഡാനിയേല അലോണിയേയും ഹമാസ് ബന്ദിയാക്കിയിരുന്നു.
പിന്നീട് ഈ നവംബര്‍ 24ന് ഇരുവരേയും ഹമാസ് മോചിപ്പിച്ചു. ശേഷം ഈ മാസം അഞ്ചിന് എമേലിയ തന്റെ കിന്‍ഡര്‍ ഗാര്ഡന് സ്കൂളിലേക്ക് പോവുകയുണ്ടായി.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഈ പെണ്‍കുട്ടി സ്കൂളിലേക്ക് വന്നിറങ്ങൂമ്പോള് അവിടുത്തെ ജീവനക്കാരില്‍ ഒരാള്‍ കുട്ടിയെ ആലിംഗനം ചെയ്യുകയാണ്. പിന്നീട് എമേലിയ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോവുന്നു.
സുഹൃത്തുക്കള്‍ അവളെ കെട്ടിപ്പിടിക്കുകയാണ്. അവരില്‍ പലരും എമേലിയയുടെ പേര് വിളിച്ച് തങ്ങളുടെ സ്നേഹം വെളിവാക്കുന്നു. ഏറെ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് ഈ സംഗമം വഴിവച്ചത്.
ഇക്കാഴ്ച നെറ്റിസന്റേയും ഹൃദയത്തെ തൊട്ടു. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു."ഏറ്റവും ഹൃദ്യമായ കാഴ്ച. ഏത് യുദ്ധമായാലും കുട്ടികള്‍ക്ക് എതിരേ ആകരുത്' എന്നാണൊരാള്‍ കുറിച്ചത്.