ഇന്ത്യ-പാക് വിഭജനകാലത്ത് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടുമ്പോള്‍
വെബ് ഡെസ്ക്
Friday, August 11, 2023 3:37 PM IST
ഇന്ത്യയും പാക്കിസ്ഥാനും എന്നുകേള്‍ക്കുമ്പോഴേ വൈര്യത്തിന്റേയും മത്സരത്തിന്റേയും യുദ്ധത്തിന്റേയുമൊക്കെ ചിത്രങ്ങളാണല്ലൊ മിക്കവരുടെയും മനസില്‍ തെളിഞ്ഞുവരിക. എന്നാല്‍ കാലങ്ങള്‍ക്ക് മുന്‍പ് ഒന്നായിരുന്നല്ലൊ ഈ നാട്.
പഴയതലമുറ മറക്കാത്ത ഒന്നാണല്ലൊ സ്വാതന്ത്ര്യകാലത്തെ വിഭജനം. ഈ വിഭജനം നിമിത്തം പലര്‍ക്കും പലരേയും നഷ്ടമായി. തിരികെ വരാന്‍ കഴിയാത്ത രീതിയില്‍ രണ്ട് രാജ്യക്കാരായി പല സഹോദരങ്ങളും മാറി.
പലരും ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ തിരികെ കാണാം എന്ന പ്രതീക്ഷയോടെ ജീവിച്ചു; പിന്നെ കാലത്തിന് കീഴടങ്ങി. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവ് വലിയൊരു വെട്ടമാണ് ഇത്തരക്കാര്‍ക്ക് ഒരുക്കിയത്.
ഇപ്പോള്‍ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി ഇരുരാജ്യത്തുമുള്ള ചിലര്‍ ഇത്തരത്തില്‍ വേര്‍പിരിഞ്ഞവരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ പലര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ ജീവിതത്തിന്റെ വൈകിയ വേളയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു.
ഇപ്പോഴിതാ ഇത്തരത്തിലൊരു ഹൃദയസ്പര്‍ശിയായ മറ്റൊരു സംഭവം നെറ്റിസൺസിനിടയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യ-പാക് വിഭജനകാലം നിമിത്തം തന്റെ സഹോദരനെ നഷ്ടമായ സക്കീന എന്ന 74കാരിയുടെയും ഗുര്‍മെയ്ല്‍ സിംഗ് എന്ന 76കാരന്റെയും കഥയാണിത്.
വിഭജനകാലത്തെ നോവിക്കുന്ന ഒരു സംഭവമാണിത്. അക്കാലത്തെ പ്രശ്നങ്ങള്‍ നിമിത്തം പലരും ഇരുരാജ്യങ്ങളിലായി മാറിപ്പോയിരുന്നല്ലൊ. അക്കൂട്ടത്തില്പ്പെട്ടുപോയ രണ്ടുപേരായിരുന്നു സക്കീനയുടെ മാതാപിതാക്കള്‍.
ഇവരുടെ പിതാവ് പാക്കിസ്ഥാനിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ മാതാവ് കര്മാത ബിയെ പഞ്ചാബിലെ ലുധിയാനയിലുള്ള നുര്‍പുര്‍ ഗ്രാമത്തില്‍ നിന്നും നഷ്ടമായിരുന്നു.
1949-ല്‍, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പുതിയ സർക്കാരുകള്‍ വിഭജന സമയത്ത് അതത് രാജ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരെ കൈമാറാന്‍ സമ്മതിച്ചു. അതിന്‍പ്രകാരം സക്കീനയുടെ അമ്മയായ കര്മാതയെ തിരികെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനായി ഇവരുടെ പിതാവ് ഇന്ത്യയില്‍ എത്തി.
പക്ഷേ അപ്പോഴേക്കും കര്മാത ഒരു സിഖ്കാരനെ വിവാഹം കഴിച്ചിരുന്നു. പക്ഷേ ഏറെ അന്വേഷണത്തിനുശേഷം വഴിയില്‍വച്ച് കര്മാതയെ കണ്ട പോലീസുകാര്‍ ഇവരെ ഭര്‍ത്താവിനൊപ്പം പാക്കിസ്ഥാനിലേക്ക് അയയ്ക്കാനായി കൂട്ടിക്കൊണ്ടുപോയി.
എന്നാല്‍ തനിക്കൊരു മകന് ഉണ്ടെന്നും അവനെ കൂടെകൂട്ടണമെന്നും കര്മാത വാശിപിടിച്ചു. പക്ഷേ ഗ്രാമവാസികള്‍ വലിയ പ്രശ്നമാക്കും മുന്‍പ് അവിടെ നിന്നും പോകേണ്ടതിനാല്‍ പോലീസ് അത് ചെവിക്കൊണ്ടില്ല.
ഈ സമയം ഗുര്‍മെയ്ല്‍ എന്ന ഇവരുടെ മകന് ഗ്രാമത്തിലെ മറ്റേതോ വീട്ടില്‍ കളിക്കുകയായിരുന്നു. അങ്ങനെ ഗുര്‍മെയ്ല്‍ ഇല്ലാതെ കര്മാത പാക്കിസ്ഥാനിലേക്ക് മടങ്ങി. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് സക്കീന ജനിച്ചത്. സക്കീന ജനിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ കര്മാതാ മരണപ്പെടുകയും ചെയ്തു.
സക്കീനയുടെ പിതാവാണ് അവള്‍ക്കൊരു സഹോദരന് ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം പറഞ്ഞത്. തുടര്‍ന്ന് 1961ല്‍ കര്മാതയ്ക്ക് ഗുര്‍മെയ്ല്‍ അയച്ച ഒരു കത്തും ചിത്രവും സക്കീന കണ്ടെത്തി. അന്നുമുതല്‍ ഈ സഹോദരനെ ഒന്നു കാണണമെന്ന ആഗ്രഹം സക്കീനയ്ക്കുണ്ടായി.
കാലങ്ങള്‍ക്കിപ്പുറം നാസിര്‍ ധില്ലോണ്‍ എന്ന പാക്കിസ്ഥാനി യൂട്യൂബര്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിലെ ഗുരുദാസ് ഗ്രാമത്തില്‍ താമസിക്കുന്ന സക്കീനയുടെ കഥ പുറംലോകത്ത് എത്തിച്ചു.
കഴിഞ്ഞവര്‍ഷം തന്റെ സഹോദരനെ അന്വേഷിക്കുന്ന സക്കീനയുടെ ഒരു വീഡിയോ ധില്ലോണ്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഇത് പഞ്ചാബിലെ ലുധിയാനയിലുള്ള ജാസോവാള് സുഡാന് ഗ്രാമത്തിലെ ഗ്രാമത്തലവനായ ജഗ്ദാര്‍ സിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗുര്‍മെയ്ല്‍ സിംഗ് തന്റെ ഗ്രാമത്തിലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
പിന്നീട് എല്ലാം ദ്രുതഗതിയില്‍ നടന്നു. അങ്ങനെ സക്കീനയ്ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ട ഒരു പ്രയത്നത്തിന്റെ ഫലം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച സക്കീന തന്റെ സഹോദരനെ ആദ്യമായി കാണാനെത്തി. തന്റെ മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ എന്നിവരടങ്ങുന്ന 16 അംഗങ്ങള്‍ക്കൊപ്പമാണ് സക്കീന കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍ ഗുര്മെയ്ലിനെ കാണാന്‍ എത്തിയത്.
ഏറ്റവും അതിശയകരമായ കാര്യം തനിക്ക് ഇത്തരത്തില്‍ ഒരു സഹോദരിയുള്ള കാര്യം ആദ്യഘട്ടത്തിലൊന്നും ഗുര്‍മെയ്ല്‍ സിംഗിന് അറിയില്ലായിരുന്നു.
ഇരുവരുടെയും കൂടിക്കാഴ്ച ചുറ്റുമുള്ളവരുടെ കണ്ണുകളെ നനയിച്ചു. സഹോദരിയെ കണ്ടപ്പോള്‍ വികാരാധീനനായ ഗുര്മെയ്ലിന് ഒന്നും മിണ്ടാനായില്ല. സക്കീന തന്റെ സഹോദരനെ മുറുകെ കെട്ടിപ്പിടിച്ചു.
പ്രത്യേക ബിസ്ക്കറ്റുകള്‍ തന്റെ സഹോദരിക്കായി ഗുര്‍മെയ്ല്‍ കൊണ്ടുവന്നിരുന്നു. പകരമായി, സക്കീന, ഗുര്മെയ്ലിന് ഒരു വാച്ചും ഒരു വെള്ളി രാഖിയും സമ്മാനിച്ചു.
ഇവരുടെ പുനഃസമാഗമം വലിയ വാര്‍ത്തയായി മാറി. വിഭജനത്തിന്റെ മുറിവുമായി ഇപ്പോഴും പ്രിയപ്പെട്ടവരെ തേടുന്ന പലര്‍ക്കും ആ വാര്‍ത്ത ഒരു പ്രതീക്ഷയായി മാറിയിരിക്കുകയാണിപ്പോള്‍. അത്തരം തീവ്രമായ ആഗ്രഹങ്ങൾ മനസിൽ കൊണ്ടുനടക്കുന്നവരെ തോല്പിക്കാന് കാലത്തിന് കഴിയില്ലെന്ന് വിശ്വസിക്കാം...