"മനുഷ്യത്വം എവിടെയൊക്കെയോ അവശേഷിക്കുന്നു'; വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നായ്ക്കളെ രക്ഷിക്കുന്നവര്‍
Thursday, December 7, 2023 9:15 AM IST
കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മഴ നിമിത്തം ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കമാണാല്ലൊ. വെള്ളക്കെട്ടുകള്‍ സാധാരണ ജീവിതത്തെ തടസപ്പെടുത്തുകയും ദുരിതത്തിലാക്കുകയും ചെയ്യുന്ന കാഴ്ചയാണല്ലൊ അവിടെ നിന്നുള്ളത്.
ചലച്ചിത്ര താരങ്ങളടക്കം പല പ്രമുഖരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതും രക്ഷാപ്രവര്‍ത്തകര്‍ അവരെ രക്ഷപ്പെടുത്തിയതും നാം വാര്‍ത്തകളില്‍ കണ്ടുവല്ലൊ. എന്നാല്‍ ഈ വെള്ളപ്പൊക്കം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്.
പലരും മൃഗങ്ങളെ ഓമനിച്ചുവളര്ത്തുകയും സമൂഹ മാധ്യമങ്ങളിലടക്കം ഈ മൃഗസ്നേഹം പ്രകടമാക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ദുരന്ത സമയങ്ങളില്‍ അവയെ അഴിച്ചുപോലും വിടാതെ കടന്നുകളയുകയും ചെയ്യും എന്നതാണല്ലൊ വാസ്തവം.
എക്സിലെത്തിയ ഒരു വീഡിയോയില്‍ കുറച്ച് രക്ഷാപ്രവര്‍ത്തകര്‍ ഒരു വാഹനത്തില്‍ വരുമ്പോള്‍ കഴുത്തറ്റം വെളളത്തില്‍ കിടക്കുന്ന രണ്ട് നായ്ക്കളെ കാണുകയാണ്. അവരില്‍ ഒരാള്‍ ആ വെള്ളക്കെട്ടില്‍ ഇറങ്ങി ആ നായകളെ ഓരോന്നിനെ ആയി രക്ഷിച്ച് വാഹനത്തില്‍ കയറ്റുകയാണ്.
ഈ കാഴ്ച നെറ്റിസന്റെ ഹൃദയത്തെ തൊട്ടു. ഒരുപാട് പേര് ഈ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. "നിങ്ങള്‍ നല്ല ശമര്യക്കാര്‍' എന്നാണൊരാള്‍ കുറിച്ചത്. "അപ്പോഴും മഴ പെയ്യുകയാണ്. കൃത്യമായി എത്തിയില്ലെങ്കില്‍ ആ രണ്ട് പ്രാണന് വെറുതെ മറഞ്ഞേനെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.