ബസ് മാറിക്കയറിയ കുട്ടിക്ക് തുണയായത് കണ്ടക്ടർ; കണ്ണ് നനയിക്കും പിതാവിന്റെ കുറിപ്പ്....
Thursday, June 13, 2019 3:38 PM IST
ബസ് മാറിക്കയറിയ എഴാം ക്ലാസുകാരിയെ പിതാവിന്റെ കരങ്ങളിൽ സുരക്ഷിതമായി ഏൽപ്പിച്ച കണ്ടക്ടർക്ക് അഭിനന്ദനപ്രവാഹം. കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട കുട്ടിയാണ് അബദ്ധത്തിൽ പത്തനംതിട്ടയ്ക്കുള്ള പാഴൂർ ബസിൽ കയറിയത്.
കണ്ടക്ടർ ടിക്കറ്റെടുക്കുവാൻ ചെന്നപ്പോൾ കുട്ടി ആറന്മുളയ്ക്കാണെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടി ബസ് മാറി കയറിയതാണെന്ന് മനസിലാക്കിയ കണ്ടക്ടർ ഉടൻ തന്നെ തന്റെ മൊബൈൽ ഫോണ് കുട്ടിക്ക് നൽകുകയും പിതാവിനെ വിളിപ്പിക്കുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ പിതാവ് വരുന്നതു വരെ അദ്ദേഹം ഇലന്തൂർ എന്ന സ്ഥലത്ത് കുട്ടിയോടൊപ്പം നിന്ന് മകളെ അദ്ദേഹത്തിന് ഏൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് സന്തോഷ് കുര്യനാണ് ഈ സംഭവം സോഷ്യൽമീഡിയയിൽ കുറിച്ചത്.
കുട്ടിയെ വണ്ടിയിൽ നിന്നും ഇറക്കി വിട്ട് യാത്ര തുടരാതെ, ഉത്തരവാദിത്വത്തോടെ ആ കുട്ടിക്ക് രക്ഷകനായ കണ്ടക്ടർക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.