കണ്മുന്നിൽ ട്രെയിൻ; പോലീസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ
Saturday, December 29, 2018 11:15 AM IST
ട്രെയിൻ ഇടിക്കാതെ കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഭീതി പടർത്തുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലെ മൊകേന പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ പീറ്റർ സ്റ്റാഗ്ലെവിക്സ് എന്നയാളാണ് തലനാരിഴയ്ക്ക് ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്.
റെയിൽവെ ക്രോസിംഗ് ഗേറ്റ് വേണ്ട വിധത്തിൽ പ്രവർത്തിക്കാതിരുന്നതാണ് ഇതിന് കാരണമായത്. റെയിൽവെ പാളത്തിലേക്ക് ഇദ്ദേഹത്തിന്റെ കാർ പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് ട്രെയിൻ ഇതുവഴി കടന്നു പോകുകയായിരുന്നു. ട്രെയിൻ മുൻപിൽ കണ്ട ഇദ്ദേഹം ഞൊടിയിടയിൽ കാർ വെട്ടിച്ച് മാറ്റിയതിനാൽ വലിയ അപകടം ഒഴിവാക്കുവാനായി.
ഇദ്ദേഹത്തിന്റെ മുൻപിലുണ്ടായിരുന്ന ഒരു കാർ കടന്നു പോയി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് ട്രെയിൻ എത്തിയത്. കാറിന്റെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് വൈറലായി മാറിയിരിക്കുകയാണ്.