കരയുന്ന പാസ്ത, ചിരിച്ച് സോഷ്യൽ മീഡിയ
Monday, January 11, 2021 11:22 AM IST
ചില ഭക്ഷണ സാധനങ്ങൾ പ്രത്യേക ആകൃതിയിൽ പാചകം ചെയ്യാറുണ്ട്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി അമ്മമാർ കൗതുകകരമായ രൂപത്തിൽ ഭക്ഷണം തയാറാക്കാറുണ്ട്.
ചിലപ്പോൾ ചിരിക്കുന്ന മുഖവും തമാശ നിറഞ്ഞ മുഖവുമൊക്കെ ചേർത്ത ചപ്പാത്തിയും മറ്റും പല പലഹാരങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നതും ഒരു ഭക്ഷണ സാധനമാണ്. ഒരു പാസ്തയുടെ ചിത്രം നിലവിളിക്കുന്ന രൂപമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
ട്വിറ്റർ ഉപയോക്താവായ ഒരു ടർക്കിഷ് സ്വദേശിയാണ് വേവിച്ച പാസ്തയുടെ ചിത്രം പങ്കുവച്ചത്. അതേ മുഖഭാവമുള്ള മൂന്ന് പാസ്തകൾ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി, ഞാൻ എന്തു ചെയ്യും?’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ കന്പനിയായ സോമാറ്റോ, അൺഅക്കാദമി, ഓയോ തുടങ്ങിയ കന്പനികൾ കരയുന്ന പാസ്തയുടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം ഗുഡ് മോർണിംഗ് ടീച്ചർ എന്ന് ഒന്നിച്ചു പറയുന്ന കുട്ടികളുടെ ഭാവമാണിതെന്നും അതല്ല, അക്വയുടെ പ്രസിദ്ധമായ പാട്ടായ ബാർബി ഗേൾ സോംഗിന്റെ കോറസ് പാടുകയാണ് പാസ്തയെന്നുമാണ് ചിലരുടെ കണ്ടുപിടിത്തം.