പാമ്പിനെ പിടിക്കാനെത്തി, പക്ഷേ കിട്ടിയത്... പാമ്പുപിടുത്തക്കാരും വീട്ടുകാരും ഞെട്ടി
Monday, December 21, 2020 12:16 PM IST
വീട്ടിൽ പാന്പിനെ കണ്ടാൽ എന്തു ചെയ്യും? ഒന്നെങ്കിൽ തല്ലിക്കൊല്ലും അല്ലെങ്കിൽ പാന്പുപിടുത്തക്കാരെ വിളിക്കും. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബവും ഇത്രയുമേ ചെയ്തുള്ളൂ. പക്ഷെ സംഗതി പാളിപ്പോയി.
സംഭവം ഇങ്ങനെയാണ്. രാത്രി ഏറെ വൈകിയ സമയത്ത് അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പൻ പെരുമ്പാമ്പ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒറ്റനോട്ടത്തിൽ കാർപെറ്റ് പൈഥൺ ഇനത്തിൽപ്പെട്ട പാമ്പാണെന്നേ തോന്നുകയുള്ളൂ. ഇത് കണ്ടമാത്രയിൽ ഭയന്നുപോയ കുടുംബം കൂടുതൽ പരിശോധിക്കാൻ നിൽക്കാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.

പാമ്പ് പിടുത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് മനസിലായത്. അത് പെരുമ്പാമ്പ് ആയിരുന്നില്ല. സംഭവം ഒരു വമ്പൻ കൂണ് പൊട്ടിമുളച്ചതായിരുന്നു. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടർന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ വെട്ടിലാക്കിയത്. ദൂരെനിന്നും ഒറ്റനോട്ടത്തിൽ പെരുമ്പാമ്പ് ആണെന്നു തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവർ വ്യക്തമാക്കി.
ഇത് തങ്ങൾക്ക് പുതിയൊരു അനുഭവം അല്ലെന്നും അവർ കൂട്ടിച്ചേർത്തു. ബെൽറ്റും റബർ പാമ്പുകളും ഇലകളുമൊക്കെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ വിളിക്കുന്നത് സ്ഥിരം സംഭവമാണ്. എന്തായാലും കൂണിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.