ആവേശം അല്പംകൂടി; പുനഃസ്ഥാപിച്ച അമൂല്യപ്രതിമ അങ്ങ് തകര്‍ത്തുകളഞ്ഞു
Wednesday, September 20, 2023 11:51 AM IST
കാലത്തെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന പലതും നമ്മുടെ സമൂഹത്തില്‍ കാണാന്‍ കഴിയുമല്ലൊ. മിക്കപ്പോഴും പ്രതിമകളുടെ രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക. ഈ സ്തൂഭങ്ങളെ നാം ഏറെ ശ്രദ്ധയോടെ പരിപാലിക്കാറുണ്ട്.
മ്യൂസിയങ്ങളിലും മറ്റുമായി സൂക്ഷിക്കുന്ന ശേഷിപ്പുകള്‍ നല്ല രീതിയില്‍ പരിപാലിക്കപ്പെടും. എന്നാല്‍ തെരുവിലും മറ്റുമായി ഉള്ളവ കാലക്രമേണ തകരും. പിന്നീട് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ പുനഃക്രമീകരിക്കും.
ഇപ്പോഴിതാ ഇത്തരത്തില്‍ പുനഃസ്ഥാപിച്ച ഒരു പ്രതിമയ്ക്ക് സംഭവിച്ച കാര്യമാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. സംഭവം അങ്ങ് ബെല്‍ജിയത്തിലാണ്. "ദ ബോഴ്സ്' എന്നറിയപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള ഒരു സ്തൂഭം ബ്രസല്‍സിലുണ്ട്.
ബ്രസല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഈ സിംഹപ്രതിമ കഴിഞ്ഞയിടയ്ക്കാണ് അധികാരികള്‍ പുതുക്കിയത്. 150 മില്യണ്‍ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രതിമ പുനഃസ്ഥാപിച്ചത്. മൂന്നുവര്‍ഷത്തോളം ഇതിനായി എടുത്തു.
ഒരുദിവസം മുന്‍പ് ജനങ്ങള്‍ക്കായി ഇത് തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ അന്നേരം ഒരു ഐറിഷ് വിനോദസഞ്ചാരി ഈ പ്രതിമയ്ക്ക് അരികില്‍ എത്തി. ഇയാള്‍ പ്രതിമയുടെ മുകളില്‍ കയറി സവാരിശ്രമം നടത്തി. ഫലത്തില്‍ പ്രതിമയുടെ ഒരുഭാഗം തകര്‍ന്നു.
19,000 ഡോളറിന്റെ (15.83 ലക്ഷം രൂപ) നാശനഷ്ടമാണ് ഇയാളുണ്ടക്കിയത്. വിനോദസഞ്ചാരി മദ്യപിച്ചിരുന്നതായാണ് സൂചന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിമയ്ക്ക് കേടുപാടുകള്‍ വരുത്തിയതിന് ഐറിഷ് വിനോദസഞ്ചാരിയില്‍ നിന്ന് അതോറിറ്റി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്തായാലും നെറ്റിസണും വിഷയത്തില്‍ രോഷാകുലരാണ്. ബ്രസല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടവും പ്രതിമകളും പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും ഇത്തരത്തിലെ പ്രവര്‍ത്തികള്‍ക്ക് ന്യായമില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്.