കൊറോണ വൈറസിനെ പ്രതിരോധിക്കണം; നൂറ് മില്യണ്‍ യുവാൻ സംഭാവന നൽകി ജാക് മാ
Saturday, February 1, 2020 11:59 AM IST
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നതിനും മറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുമായി ഇകൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ധനികനുമായ ജാക്ക് മാ നൂറ് മില്യണ്‍ യുവാൻ സംഭാവനയായി നൽകി. തന്റെ ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം പണം സംഭാവനയായി നൽകിയത്.
രണ്ട് ചൈനീസ് സർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്കായി അദ്ദേഹം 40 ദശലക്ഷം യുവാൻ സംഭാവനയായി നൽകിയെന്ന് ജാക്ക് മാ ഫൗണ്ടേഷൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ബാക്കിയുള്ള പണം പ്രതിരോധത്തിനും ചികിത്സയ്ക്കും സഹായിക്കുന്നതിനും ഉപയോഗിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ, ഹുബേയ് പ്രവശ്യയ്ക്കും മെഡിക്കൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ചൈനയിലെ പ്രമുഖ ബിസിനസ് കമ്പനികളെല്ലാം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ടെലികോം ഉപകരണങ്ങളും സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വാവെ, ഇകൊമേഴ്സ് സ്ഥാപനമായ ടെൻസെന്റ്, സെർച്ച് എഞ്ചിൻ ബൈഡു, ടിക് ടോക് സ്ഥാപകൻ ബൈറ്റ് ഡാൻസ്, ഫുഡ് ഡെലിവറി സ്ഥാപനമായ മീറ്റുവാൻ-ഡിയാൻപിംഗ് എന്നിവയാണ് അത്.