പോ മോനെ ബാല-രാമാ എന്ന് കെ.ആർ. മീര; സാഹിത്യകാരിയുടെ പേര് ഭേദഗതി വരുത്താതെ വിളിക്കണമെന്ന് ബൽറാം; ഫേസ്ബുക്കിൽ കമന്റ് യുദ്ധം
Sunday, February 24, 2019 1:17 PM IST
യൂത്ത് കോൺഗ്രസിന്റെ വാഴപ്പിണ്ടി പ്രതിഷേധത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച എഴുത്തുകാരി കെ.ആർ മീരയ്ക്കു കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ അധിക്ഷേപം. പോ മോളെ മീരേയെന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ പേരിൽ ഭേദഗതി വരുത്തരുതെന്ന ബലറാമിന്റെ ഫേസ്ബുക്ക് കമന്റ് വിവാദമായിരിക്കുകയാണ്. പോ മോളെ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബൽറാം പറഞ്ഞു.
അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുകയെന്ന മീരയുടെ ഫേസ്ബുക്ക് പരാമർശമാണ് വിവാദത്തിനു തുടക്കമായത്. ഈ എഫ്ബി പോസ്റ്റിനു അടിയിൽ മീരയെ പരിഹസിച്ച് ബൽറാം കമന്റ് ഇട്ടു. ഇതിലാണ് നേരിട്ടല്ലാതെ മീരയ്ക്കു നേരെ അധിക്ഷേപം ചൊരിഞ്ഞത്. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിനു ലഭിച്ച ലൈക്കിനേക്കാൾ ഇരട്ടി ലൈക്കുകളാണ് ബൽറാമിനു ലഭിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിനു ചുവടെ അസഭ്യവർഷവുമായി നിരവധി പേർ എത്തിയതോടെ ഇതിനെതിരെ കെ.ആർ മീര രംഗത്തെത്തി. തെറി പറയുന്നവർ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്താൻ തയാറാകണമെന്ന് മീര ആവശ്യപ്പെട്ടു.