ഒരു ഗ്രാമത്തില്‍ 32 ഏക്കര്‍ ഭൂമി സ്വന്തമായുള്ള കുരങ്ങുകള്‍; രജിസ്റ്റര്‍ ചെയ്തതെന്ന അപൂര്‍വതയും
Wednesday, October 19, 2022 11:29 AM IST
ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന് കാലാകാലങ്ങളായി വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള എഴുത്തുകാരടക്കം നിരവധിപേര്‍ പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ അക്ഷരാര്‍ഥത്തില്‍ നിയമപരമായി സ്വന്തമായി ഭൂമിയുള്ള കുറച്ച് കുരങ്ങുകള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് കേട്ടാല്‍ നിങ്ങളൊന്ന് ഞെട്ടില്ലെ. പക്ഷെ സംഭവം സത്യമാണ്.
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉപ്ല എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ കുരങ്ങുകള്‍ക്ക് ഭൂമിയുള്ളത്. ഏതാണ്ട് 32 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തിലുള്ളത്. ഉപ്ല ഗ്രാമപഞ്ചായത്തില്‍ നിന്ന് കണ്ടെത്തിയ ഭൂരേഖകളില് 32 ഏക്കര്‍ ഭൂമി ഗ്രാമത്തില്‍ താമസിക്കുന്ന എല്ലാ കുരങ്ങുകളുടെയും പേരിലാണെന്ന് വ്യക്തമായി പരാമര്‍ശിക്കുന്നു.
ഭൂമി കുരങ്ങുകളുടേതാണെന്ന് രേഖകള്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ആരാണ് മൃഗങ്ങള്‍ക്കായി ഈ വ്യവസ്ഥ ഉണ്ടാക്കിയതെന്നും എപ്പോഴാണ് ഇത് ചെയ്തതെന്നും വ്യക്തമല്ലെന്ന് ഗ്രാമ സര്‍പഞ്ച് (തലവന്‍) ബാപ്പ പദ്വാള്‍ പറയുന്നു.
നൂറുകണക്കിന് കുരങ്ങുകളാണ് ഈ ഗ്രാമത്തിലുള്ളത്. കുരങ്ങുകളെ ആരാധിക്കുകയൊ ബഹുമാനിക്കുകയൊ ചെയ്യുന്നവരാണ് ഗ്രാമത്തിലെ മിക്കവരും. ഗ്രാമീണര്‍ വീട്ടുവാതില്ക്കല് എത്തുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുകയും ചില സമയങ്ങളില്‍ വിവാഹങ്ങളില്‍ പോലും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു
എന്നിരുന്നാലും കൃഷിയിടങ്ങളും വിളകളും ഇവ ധാരാളമായി നശിപ്പിക്കാറുമുണ്ട്. ഇവ ഒരിടത്ത് നില്‍ക്കാത്ത പ്രകൃതക്കാരായതിനാല്‍ കുരങ്ങുകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്.
ഏതായാലും സാധാരണ ജനങ്ങള്‍ക്കിടയില്‍ സംഭവിക്കാറുള്ള അതിര്‍ത്തി തര്‍ക്കവും സ്ഥലക്കച്ചവടവും ഉപ്ലയില് അത്ര പെട്ടെന്ന് നടക്കാറില്ല. അതിന് കാരണം ഇവിടെ ഭൂവുടമകള്‍ മനുഷ്യരല്ല എന്നതുതന്നെ.