കുഞ്ഞനാണ്, പക്ഷേ, 26 പേരെ തട്ടും! വെറും നൂറ് ഗ്രാം ഭാരം; കടിച്ചതായി അറിയില്ല, മിനിറ്റുകൾക്കുള്ളിൽ മരണം...
Monday, March 29, 2021 5:04 PM IST
ഒരു സ്ഥലത്തേക്കു നമ്മള് വിനോദയാത്ര പോവുകയാണെന്ന് സങ്കല്പിക്കുക. പോകുന്ന വഴിക്കു നമുക്കു കൗതുകം തോന്നുന്ന എന്തെങ്കിലും കുഞ്ഞൻ ജീവികളെ കണ്ടതായും സങ്കല്പിക്കുക. തീര്‍ച്ചയായും നമ്മള് ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയാണെങ്കില്‍ ചിലർ അതിനെ പറ്റുമെങ്കിൽ കൈയിൽ എടുക്കാൻ ശ്രമിക്കും.
അല്ലെങ്കില്‍ ആ ജീവിയുടെ ഒരു ഫോട്ടോയെങ്കിലും എടുക്കും. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു ലൈക്കും ഷെയറും വാരിക്കൂട്ടാന്‍ ശ്രമിക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ ആ ജീവിയെ ആവോളം കണ്ട് ആസ്വദിക്കും... അതിന്റെ സവിശേഷതകൾ അറിയാൻ ശ്രമിക്കും.
ബാലിയിൽ നടന്നത്
ഇനി ബാലിയില്‍ നടന്നൊരു സംഭവത്തിലേക്കു പോകാം. ടിക് ടോക്കിലൂടെ ജനശ്രദ്ധനേടിയ ഒരു യുവതിയാണ് ഇതിലെ നായിക. പേര് കെയ്ലിന് ഫിലിപ്സ്. ബാലിയില്‍ ബീച്ചിലൂടെ യാത്ര ചെയ്യുന്ന സമയത്ത് ഇവരുടെ മുമ്പില്‍ ഒരു കുഞ്ഞൻ നീരാളി വന്നുപെട്ടു. കണ്ടപ്പോള്‍ കൗതുകവും അദ്ഭുതവും തോന്നി. ഇതു കൊള്ളാമല്ലോയെന്നു തോന്നി.
ഒട്ടും വൈകിയില്ല, കെയ്ലിന് അതിനെ വെള്ളത്തോടുകൂടി കൈക്കുന്പിളിൽ കോരിയെടുത്തു. അല്പനേരം ഓമനിച്ചു. ഒരു ചിത്രവും പകര്‍ത്തി. വൈകാതെ അതിനെ കടലിലേക്കു തന്നെ ഇട്ടു. എന്നാൽ, അതുകഴിഞ്ഞപ്പോഴല്ലേ മരണത്തെയാണ് കൈയിലെടുത്തു താലോചിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞത്.
അതീവ അപകടകാരി
ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരന്‍ നീല വളയങ്ങളോടുള്ള കൂടിയ കടല്‍ജീവി ഏതാണെന്ന് അറിയണമെന്നു അവൾക്കു തോന്നി. ഇന്റർനെറ്റ് തുറന്നു. പരതി തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ കെയ്ലിന്റെ കാലിൽകൂടി ഒരു തരിപ്പും ഭയവും മുകളിലേക്ക് ഇരച്ചുകയറി. താൻ കൈയിലെടുത്തു താലോചിച്ച ജീവി നിസാരക്കാരനല്ല, കൊടുംവിഷം ഉള്ളിൽ ഒളിപ്പിച്ച അതിഭീകരൻ.
ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ഈ ജീവിയുടെ പേര്. ലോകത്തില്‍ ഏറ്റവും അപകടകാരിയായ പത്ത് ജീവികളില്‍ ആറാം സ്ഥാനമാണ് ഈ കടല്‍ ജീവിക്കുള്ളത്. ഇത് അറിയാതെയാണ് യുവതി കുഞ്ഞന്‍ നീരാളിയെ കൈയിലെടുത്തത്.
ഒറ്റ നിമിഷംകൊണ്ടു ജീവനെടുക്കാൻ ശേഷിയുള്ള ഒരു ഭീകരനെയാണ് താൻ കൈയിലെടുത്ത് താലോലിച്ചിരുന്നതെന്നു തിരിച്ചറിഞ്ഞതോടെ അവൾ ആകെ പരിഭ്രാന്തയായി. പിതാവിനെ ഉടൻ ഫോൺവിളിച്ച് കുറെ നേരം കരഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് താനിപ്പോൾ ജീവനോടെ ഇരിക്കുന്നതെന്ന് അവൾ പിതാവിനോടു പറഞ്ഞു.
ആദ്യത്തെ ഷോക്ക് പിന്നിട്ടപ്പോൾ ഈ സംഭവം വിവരിച്ച അവൾ ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. എന്തായാലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും.
വിഷ നീരാളി!
നീല നിറത്തിലുള്ള ആകര്‍ഷകമായ വളയങ്ങളാണ് ബ്ലൂ റിംഗ്ഡ് ഒക്ടോപസിന്റെ പ്രത്യേകത. നൂറ് ഗ്രാം ഭാരമുണ്ട്. കാഴ്ചയില്‍ ചെറുതാണെങ്കിലും ഒട്ടും നിസാരക്കാരനല്ല. ഇതിന്റെ വിഷം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും.
മഞ്ഞനിറമുള്ള ചര്‍മവും നീല, കറുപ്പ് വളയങ്ങളുംകൊണ്ട് ഇവയെ തിരിച്ചറിയാം. എന്നാല്‍, അപകടത്തിലായെന്ന് ഈ ജീവിക്കു തോന്നിയാല്‍ ഇവയുടെ നിറം മാറും. ജപ്പാന് മുതല്‍ ഓസ്ട്രേലിയ വരെയുള്ള പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ വേലിയേറ്റ കുളങ്ങളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.
കാണാന്‍ കുഞ്ഞനാണെങ്കിലും പ്രായപൂര്‍ത്തിയായ 26 മനുഷ്യരെ മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള വിഷവുമായാണ് ഇതിന്റെ സഞ്ചാരം. ശത്രുവിനെ കടിച്ചു പരിക്കേൽപ്പിക്കുയാണ് ഇതിന്റെ രീതി. കടിയേറ്റാല്‍ പെട്ടെന്നു തിരിച്ചറിയാനും സാധിക്കില്ല എന്നതാണ് മറ്റൊരു അപകടം. അതിനാൽ പലർക്കും ചികിത്സ തേടാൻ പോലും കഴിഞ്ഞെന്നു വരില്ല.
കടിയേറ്റ ഭാഗത്ത് ഒരു ചെറിയ പാടു മാത്രമായിരിക്കും ഉണ്ടാകുക. വേദനയും കാണില്ല. അതിനാല്‍ തന്നെ കടിയേറ്റ കാര്യം മിക്കവരും തിരിച്ചറിയില്ല. വിഷം അകത്തു ചെന്ന് ഉടന്‍തന്നെ ശ്വാസ തടസവും പക്ഷാഘാതവും ഉണ്ടാകും. ഇതിനുള്ള ആന്റിവെനം വിപണയില്‍ ലഭ്യമാണ്. എന്നാൽ, മിക്കവാറും ചികിത്സയ്ക്കു സാവകാശം ലഭിക്കുന്നതിനു മുന്‍പേ വിഷം ഏറ്റവരുടെ ജീവൻ പോകാനാണ് സാധ്യത.