ജീവിതത്തിൽ നിരാശ തോന്നുന്നുണ്ടോ; പ്രജ്ഞയെ അറിയുന്പോൾ അതു മാറും
Friday, January 15, 2021 7:28 PM IST
ജീവിതത്തിൽ പ്രതിസന്ധിയുണ്ടാവുകയെന്നത് സാധാരണ കാര്യമാണ്. അവയെ തരണം ചെയ്യുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. പക്ഷെ ചിലരുണ്ട്, ജീവിതത്തിൽ ചെറിയ പ്രശ്നം വരുന്പോൾ കടുത്ത തീരുമാനം എടുക്കും. ഇവരൊക്കെ കണ്ടുപഠിക്കേണ്ട ഒരാളുണ്ട് - പ്രജ്ഞ വേദാന്ത്.
സ്വപ്നങ്ങൾ ചിറക് മുളയ്ക്കുന്നു
ആരാണ് പ്രജ്ഞ വേദാന്ത് എന്നല്ലേ? മുംബൈയിലെ ഒരു സാധാരണക്കാരി. 16-ാം വയസിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനൊടൊപ്പമാണ് പ്രജ്ഞ മുംബൈയിൽ ആദ്യമായി എത്തുന്നത്. ചെറുപ്പംമുതലെ ഒരു ബ്യൂട്ടീഷനാവുകയെന്നത് അവരുടെ സ്വപ്നമായിരുന്നു. മുംബൈയിലെ ഒറ്റമുറിയും അടുക്കളയുമുള്ള അപ്പാർട്ട്മെന്റ് പ്രജ്ഞ വൈകാതെ ഒരു സലൂണാക്കി മാറ്റി. ത്രെഡിംഗും ട്രിമ്മിംഗും പോലുള്ള ചെറിയ കാര്യങ്ങൾ അവിടെ ചെയ്യാൻ തുടങ്ങി. കൂടെ മെഹന്ദി ക്ലാസുകളും നടത്തി. പതിയെ ഉപയോക്താക്കളുടെ എണ്ണം കൂടി. ജീവിതത്തിൽ സന്തോഷം അലയടിച്ച കാലം.
വീഴ്ചകളുടെ കാലം
പക്ഷെ ജീവിതത്തിൽ മാറിമറിച്ചലുകളുണ്ടാവാൻ അധികം സമയം വേണ്ടല്ലോ? 2005ലെ മുംബൈ വെള്ളപ്പൊക്കത്തിൽ പ്രജ്ഞയുടെ സലൂണും വീടും തകർന്നു. പത്തുവർഷത്തെ തന്റെ സ്വപ്നം കണ്മുൻപിൽ തകർന്നു വീഴുന്നത് കണ്ട പ്രജ്ഞയ്ക്ക് അത് താങ്ങാനായില്ല. സ്ട്രോക്ക് വന്ന് ഇടതുവശം തളർന്നു. പിന്നീടുള്ള മൂന്നു മാസം ഫിസിയോതെറാപ്പി. പിന്നെ പതിയെ വീൽചെയറിലേക്ക്. പക്ഷെ അപ്പോഴേക്കും ഒരു കണ്ണിന്റെ കാഴ്ചയും ഇടത് കയ്യുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.
ബ്യൂട്ടിഷൻ രംഗത്തേക്ക് വീണ്ടും
പക്ഷെ പ്രജ്ഞയുടെ മനോവീര്യത്തെ തകർക്കാൻ ഇതിനൊന്നുമായില്ല. ഇന്ന് ഒരു ബ്യൂട്ടിഷ്യൻ കണ്സൾറ്റന്റാണ് പ്രജ്ഞ. 35,000ൽ അധികം സ്ത്രീകളാണ് ഇതുവരെ പ്രജ്ഞയുടെ അടുത്ത്നിന്ന് ട്രെയിനിങ് പൂർത്തിയാക്കിയത്. കുറഞ്ഞ ഫീസിലും ചിലരെ സൗജന്യമായുമാണ് പ്രജ്ഞ പഠിപ്പിക്കുന്നത്. തന്റെ ഓരോ വീഴ്ചയും എങ്ങനെ എഴുന്നേൽക്കണമെന്ന പാഠം പഠിപ്പിച്ചെന്ന് പ്രജ്ഞ പറയുന്നു. ഇപ്പോൾ പ്രജ്ഞയും ഒരു പഠനത്തിലാണ്- സ്വയം നടക്കാൻ. പതിയെ ചുവടുകൾ വച്ചു തുടങ്ങി അവർ. പ്രജ്ഞയെ അറിയുന്നവർ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു- "നടക്കും, പഴയതിനേക്കാൾ ഉറച്ച കാൽവയ്പ്പോടെ'.