വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ലേലം കഴിഞ്ഞ ദിവസമാണല്ലൊ നടന്നത്. അടുത്ത കാലത്തായി സ്ത്രീകളുടെ ക്രിക്കറ്റ് ടീം വളരെ ജനപ്രീതി നേടുകയാണ്. എന്നിരുന്നാലും നമ്മുടെ നാട്ടിന്‍പുറത്ത് ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികളെ കാണുന്നത് നന്നേ കുറവാണ്.

ഇപ്പോഴിതാ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ പോലും തന്‍റെ ബാറ്റിംഗ് കൊണ്ട് ഞെട്ടിച്ച ഒരുപെണ്‍കുട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നുള്ള ഒരു 14കാരി ബാറ്റ് ചെയ്യുന്നതാണുള്ളത്.

ആണ്‍കുട്ടികള്‍ എറിയുന്ന പന്തുകള്‍ അവള്‍ അനായാസം അടിച്ച് പറപ്പിക്കുകയാണ്. മൂമല്‍ മെഹര്‍ എന്ന എട്ടാം ക്ലാസുകാരിയാണ് ഈ മിടുക്കി. സൂര്യകുമാര്‍ യാദവിന്‍റെ ശൈലിയിലുള്ള ഷോട്ടുകളാണ് ഈ പെണ്‍കുട്ടിയുടേതെന്ന് നെറ്റിസന്‍ പറയുന്നു.

ദൃശ്യങ്ങളില്‍ നിരവധി സിക്സറുകള്‍ ഈ പെണ്‍കുട്ടി നേടുന്നുണ്ട്. "അവിശ്വസനീയമായ ഷോട്ടുകള്‍! ഈ കുട്ടി സ്കൈയുടെ ഒരു സ്ത്രീ പതിപ്പ് പോലെയാണ്' എന്നാണൊരാള്‍ കമന്‍റില്‍ കുറിച്ചത്.